പത്തനംതിട്ടയിൽ തെരുവിൽ തമ്മിലടിച്ച് എസ്എഫ്ഐ– ഡിവൈഎഫ്ഐ പ്രവർത്തകർ. സംഘർഷത്തിന് തുടക്കമിട്ട മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തടയാൻ എത്തിയ പൊലീസിനും പരുക്കുണ്ട്. പൊലീസ് കസ്റ്റഡിയിൽ എടുത്തവർക്ക് എസ്എഫ്ഐ ബന്ധമില്ലെന്ന് ജില്ലാ നേതാക്കൾ അറിയിച്ചു
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന്റെ മുന്നിലാണ് ഇരുകൂട്ടരും തമ്മിലടിച്ചത്. മിനി സിവിൽ സ്റ്റേഷന് മുന്നിലെ പന്തൽ അഴിക്കാൻ വന്ന മൂന്നുപേരും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് കൂട്ടയടി ആയത്. കാതോലിക്കേറ്റ് കോളജിൽ ഉണ്ടായ തർക്കത്തിന്‍റെ തുടർച്ചയായിരുന്നു കൂട്ടയടി.
പോലീസ് എത്തി ലാത്തി വീശി. പൊലീസിന്റെ കൺമുന്നിലും അടി തുടർന്നു. പന്തൽ പണിക്കരായ മൂന്നു പേരെയും പൊലീസ് ഏറെ പണിപ്പെട്ടാണ് ജീപ്പിൽ കയറ്റിയത്. മദ്യലഹരിയിൽ ആയിരുന്ന മൂന്നുപേരും പൊലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എസ്ഐക്ക് നേരിയ പരുക്കേറ്റു.
എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്തുണ്ടായിട്ടും പൊലീസ് നടപടി എടുത്തില്ല. സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ നേതാവ് അടക്കം ഉണ്ടായിരുന്നു. അതേസമയം പിടിയിലായ മൂന്നുപേർക്കും എസ്എഫ്ഐയും ആയോ ഡിവൈഎഫ്ഐയുമായോ ഒരു ബന്ധവുമില്ല എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നും അവർ വിശദീകരിച്ചു.