പ്രധാനമന്ത്രിക്കൊപ്പം നിന്ന് പോസ് ചെയ്ത നൈസ മോളെ ആരും മറന്നു കാണില്ല. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പിതാവിനെയും സഹോദരങ്ങളെയും അടക്കം കുടുംബത്തിലെ അഞ്ചു പേരെ നഷ്ടമായ ഈ മൂന്നു വയസ്സുകാരി മേപ്പാടി നെല്ലിമുണ്ട സ്കൂൾപടിയിലെ വാടക ക്വാട്ടേഴ്സിലാണ് നിലവില്‍ താമസിക്കുന്നത്. കേന്ദ്രത്തിന്‍റെ അവഗണക്കെതിരെ കേന്ദ്രസർക്കാരിനെതിരായ ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മനുഷ്യ ചങ്ങലയിൽ നൈസ മോളും കണ്ണികളായി. പ്രധാനമന്ത്രിയുടെ ക്രൂരമായ അവഗണനയുടെ പ്രതീകമാണ് നൈസ മോളെന്ന് എ.എ റഹീം എംപി കുറിച്ചു.
Read More : നൈസ മോള്‍ ആശുപത്രി വിട്ടു; ഇനി വാടക വീട്ടിലേക്ക്
കുറിപ്പ്
നൈസ മോൾ ഒരു പ്രതീകമാണ്. പ്രധാനമന്ത്രിയുടെ ക്രൂരമായ അവഗണനയുടെ പ്രതീകം!.പ്രിയപ്പെട്ട പ്രധാനമന്ത്രി നൈസ മോളെ ഓർമ്മ കാണുമല്ലോ. ദുരന്തത്തിന് പിന്നാലെ വയനാട്ടിൽ അങ്ങ് എത്തിയപ്പോൾ ക്യാമറയ്ക്ക് മുന്നിൽ ഏറെ വാത്സല്യത്തോടെ എടുത്ത മൂന്ന് വയസ്സുകാരി .ലോകം മുഴുവൻ ഏറെ സ്നേഹാദരങ്ങളോടെ കണ്ട ആ ഫോട്ടോയ്ക്ക് അങ്ങ് അല്പംപോലും മൂല്യം കൽപ്പിച്ചില്ല എന്നാണ് കേരളം ഇപ്പോൾ മനസ്സിലാക്കുന്നത്.കേവലമായ ഫോട്ടോ ഷൂട്ടിന്റെ സാധ്യത മാത്രമായിരുന്നു ഈ കുഞ്ഞുമുഖം.വയനാടിനോടും കേരളത്തോടും കേന്ദ്ര സർക്കാർ കാണിച്ചത് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അവഗണന,അനീതി.ഇന്ന് ആ നൈസ മോളും കുടുംബവും വയനാട്ടിൽ കേന്ദ്രസർക്കാരിനെതിരായ ഡി വൈ എഫ് ഐ യുടെ പ്രതിഷേധ മനുഷ്യ ചങ്ങലയിൽ കണ്ണികളായി. ഈ പ്രതിഷേധം എങ്കിലും അങ്ങയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട് മാറ്റത്തിന് കാരണമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.