പാലക്കാട് തേങ്കുറിശി ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത് പോരെന്ന് കൊല്ലപ്പെട്ട അനീഷിന്‍റെ അമ്മ. ‘ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു എന്നത് മാത്രമല്ലേ അവന്‍ ചെയ്ത തെറ്റ്. വേറൊരു തെറ്റും അവന്‍ ചെയ്തിട്ടില്ല. അതിന്‍റെ പേരില്‍ ഇത്ര വലിയ ക്രൂരത അവനോട് ചെയ്തവര്‍ക്ക് ഈ ശിക്ഷ മതിയോ?’ രാധ ചോദിച്ചു. അവര്‍ക്ക് വധശിക്ഷ തന്നെ കിട്ടണമെന്നും കോടതിവളപ്പില്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അനീഷിന്‍റെ അമ്മ പറഞ്ഞു.

കോടതിവിധിയില്‍ ഞങ്ങള്‍ക്ക് തൃപ്തിയില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കും. കുറഞ്ഞത് ഇരട്ടജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും രാധ പറഞ്ഞു. പാലക്കാട് കുഴൽമന്ദം തേങ്കുറുശി മാനാംകുളമ്പ് സ്കൂളിനു സമീപം ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകൻ അനീഷ് (അപ്പു–27)  2020 ഡിസംബർ 25നു വൈകിട്ടാണു വെട്ടേറ്റു മരിച്ചത്. ഇതര സമുദായത്തിലെ അംഗമായ ഹരിതയെ വിവാഹം ചെയ്തതിന്റെ പേരിലായിരുന്നു കൊലപാതകം. ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി കുമ്മാണി പ്രഭുകുമാർ, അമ്മാവൻ കെ.സുരേഷ്കുമാർ എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

പ്രതികളോട് പൊലീസും പ്രോസിക്യൂഷനും അയഞ്ഞ സമീപനമാണ് സ്വീകരിച്ചതെന്ന് അനീഷിന്‍റെ ജ്യേഷ്ഠന്‍ പ്രതികരിച്ചു. ശിക്ഷ കുറഞ്ഞത് അതുകൊണ്ടാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കോടതിക്കുമുന്നില്‍ പ്രതികരിച്ചു. അനീഷിനെ കൊലപ്പെടുത്തിയ ശേഷവും പിടിക്കപ്പെട്ടപ്പോഴും കോടതിയിലുമെല്ലാം പ്രതികള്‍ ചിരിച്ചുകൊണ്ടാണ് നിന്നത്. ഇത്ര വലിയ കേസിലെ പ്രതികളെ ഓട്ടോറിക്ഷയിലാണ് പൊലീസ് കോടതിയില്‍ കൊണ്ടുവന്നതെന്നും അനീഷിന്‍റെ സഹോദരന്‍ ചൂണ്ടിക്കാട്ടി. കേസില്‍ അപ്പീല്‍ പോകുമെന്നും അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

In the Palakkad honor killing case, Anish's mother expressed dissatisfaction with the life sentences given to the accused, saying it was insufficient punishment. She argued that Anish’s only "fault" was loving someone from another community and demanded the death penalty for the perpetrators. Anish’s brother criticized the lenient approach of the police and prosecution, questioning if it led to the reduced sentence. The family plans to appeal the decision, seeking a harsher punishment.