കാസര്‍കോട് നീലേശ്വരത്തെ വെടിക്കെട്ട് അപകടമുണ്ടായത് മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്നെന്ന് ദൃക്സാക്ഷികള്‍. പടക്കപ്പുരയ്ക്ക് അടുത്തുവച്ച് തീ കൊളുത്തരുതെന്ന് പലവട്ടം പറഞ്ഞുവെന്നും അതുകേള്‍ക്കാതെ തീ കൊടുത്തതാണ് അപകടമുണ്ടാക്കിയതെന്നും ദൃക്സാക്ഷി മിഥുന്‍ പറയുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read Also: നടുക്കുന്ന ദൃശ്യങ്ങള്‍; ഉണ്ടായത് വലിയ പൊട്ടിത്തെറി

അതേസമയം, അനധികൃതമായി വെടിമരുന്ന് സൂക്ഷിക്കുകയും വെടിക്കെട്ട് നടത്തുയും ചെയ്തതില്‍  ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വെടിക്കെട്ട് നടത്തിയെന്ന് വ്യക്തമാക്കിയൊണ് പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ക്ഷേത്രം ഭരണസമിതി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പടക്കശാലയ്ക്ക് തീപിടിച്ചതില്‍ പൊലീസിനെ വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പരിശോധന നടത്താതിരുന്നത് പൊലീസിന്‍റെ വീഴ്ചയാണ്. കമ്പംകെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്നതില്‍ ക്ഷേത്രഭാരവാഹികള്‍ക്കും വീഴ്ച സംഭവിച്ചു. കളിയാട്ടത്തിനായി  ഇന്ന് പതിനായിരങ്ങള്‍ എത്തേണ്ട ഇടമായിരുന്നുവെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തില്‍  കളിയാട്ടത്തിനിടെ രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ടപകടമുണ്ടായത്. പരുക്കറ്റവരില്‍ 97പേര്‍ മംഗളുരു, കാഞ്ഞങ്ങാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി  ചികില്‍സയിലാണ്. ബാക്കിയുള്ളവരെ പ്രാഥമിക ചികില്‍സനല്‍കി വിട്ടയച്ചു. ക്ഷേത്രത്തിന്‍റെ  പടക്കപ്പുരയില്‍  സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ്  പൊട്ടിത്തെറിച്ചത്. വീര്യം കുറഞ്ഞ പടക്കങ്ങളാണ് ഉപയോഗിച്ചത്.