എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തിനെതിരെയും കേസെടുക്കണമെന്ന് കുടുംബം. നാളെ പ്രത്യേക അന്വേഷണസംഘം കുടുംബത്തിന്‍റെ മൊഴിയെടുക്കും. പി.പി ദിവ്യ ജാമ്യ ഹർജിയില്‍ കുടുംബം കക്ഷിചേരും. സർക്കാർ നടപടി തൃപ്തികരം എന്നു സിപിഎം സംസ്ഥാന സെക്രട്ടറിയും കുടുംബത്തിന് തൃപ്തിയുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും അവകാശപ്പെട്ടു.
നവീൻ ബാബു മരിച്ച ദിവസം തന്നെ പി.പി ദിവ്യക്കെതിരെയും ടി.വി പ്രശാന്തിനെതിരെയും സഹോദരൻ പ്രവീൺ ബാബു കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പി.പി ദിവ്യ അറസ്റ്റിൽ ആയിട്ടും പ്രശാന്തിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഗൂഢാലോചനയിൽ വെളിച്ചത്തുള്ളത് ദിവ്യയും പ്രശാന്തും ആണ്. പ്രശാന്തിനെതിരെ കേസെടുത്തു ചോദ്യം ചെയ്താലേ വ്യക്തത വരുവെന്നാണ് കുടുംബത്തിന്‍റെ നിലപാട്.
വിഷയത്തില്‍ സര്‍ക്കാരിന്‍റേത് ശരിയായ നിലപാട് എന്നും പ്രതിപക്ഷനേതാവിന്‍റെ ആരോപണങ്ങള്‍ അസംബന്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ദിവ്യക്കെതിരായ നടപടി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങള്‍ ജനാധിപത്യപരമായല്ല വാര്‍ത്ത നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുടുംബത്തിന് ഇതുവരെയുള്ള നടപടിയിൽ തൃപ്തി ഉണ്ടെന്നാണ് വീട് സന്ദർശിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞത്. കലക്ടർക്കെതിരെ അന്വേഷണം വേണം. ദിവ്യക്കെതിരെ നടപടിയെടുക്കേണ്ടത് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയാണ്. പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് ചിലർ പ്രചരിപ്പിക്കുകയാണെന്നുമാണ് അദ്ദേഹം ഉദയഭാനു പ്രതികരിച്ചത്. രാഷ്ട്രീയ വിവാദങ്ങൾക്ക് ഇല്ലെന്നും, നിയമ പോരാട്ടവുമായി ഏതറ്റവും വരെയും പോകുമെന്നുമാണ് നവീൻ ബാബുവിന്‍റെ കുടുംബത്തിൻറെ നിലപാട്.