ജലജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് പന്ത്രണ്ടായിരം കോടി രൂപ വായ്പയെടുക്കാനുള്ള ജല അതോറിറ്റിയുടെ നീക്കത്തിനെതിരെ ജീവനക്കാര്‍. അഞ്ചര മാസം മാത്രം കാലാവധിയുള്ള പദ്ധതിക്ക് ഇത്രയും വലിയ തുക വായ്പയെടുക്കുന്നത് അതോറിറ്റിയെ കടക്കെണിയില്‍ ആക്കുമെന്നാണ് ആശങ്ക. ഇതിന്‍റെ പ്രത്യഘാതം അനുഭവിക്കേണ്ടിവരിക ജീവനക്കാര്‍ക്കൊപ്പം സാധാരണ ജനങ്ങളുമായിരിക്കും.
കേരള ജല അതോറിറ്റിക്ക് കെ.എസ്.ആര്‍.ടി.സിയുടെ ഗതി വരുമോ...? ജലജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 12000 കോടി രൂപ 9.12 ശതമാനം പലിശ നിരക്കില്‍ വായ്പയെടുക്കാന്‍ ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ നല്‍കിയ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ തന്നെയാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. വായ്പ എടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ജീവനക്കാര്‍ ജലഭവന്‍ ഉപരോധിച്ചു.
എല്‍.ഐ.സി, ഹഡ്കോ, നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന്, 20 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍ വായ്പയെടുക്കാനാണ് ശുപാര്‍ശ. ആദ്യ രണ്ട് വര്‍ഷം വായ്പ തിരിച്ചടവില്ല. മൂന്നാം വര്‍ഷം തിരിച്ചടവ് തുടങ്ങുമ്പോഴേക്ക് ബാധ്യത 13,298 കോടി രൂപയാകും.
184.71 കോടി രൂപ മുതലും 303.22 കോടി പലിശയും ചേര്‍ത്ത് 487.83 കോടി രൂപ ആദ്യമാസം അടച്ചുതുടങ്ങണം. ശരാശരി മാസം 200 കോടി അടവ് വരും. വര്‍ഷം 161.28 കോടിയാണ് ജല അതോറിറ്റിയുടെ റവന്യൂ കമ്മി. ഇതോടൊപ്പം ഈ കടബാധ്യത എങ്ങനെ താങ്ങും...? കടുത്ത സാമ്പത്തിക പ്രതസിന്ധയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് കടബാധ്യത ഏറ്റെടുക്കാനാകില്ല. സ്വഭാവികമായും വെള്ളക്കരം കൂട്ടി വരുമാനം വര്‍ധിപ്പിക്കാന്‍ അതോറിറ്റി നിര്‍ബന്ധിതമാകും.
ജല അതോറിറ്റി കടക്കെണിയിലേക്ക്..?
* 20000 കോടി വായ്പയെടുക്കാന്‍ നീക്കം
* വായ്പ ജലജീവന്‍ മിഷന്‍ പദ്ധതിക്കായി
* 9.12 ശതമാനം പലിശ, 20 വര്‍ഷം കാലാവധി
* രണ്ട് വര്‍ഷം മോറട്ടോറിയം
* തിരിച്ചടവ് തുടങ്ങുമ്പോള്‍ ബാധ്യത 13,298 കോടിയാകും
* ആദ്യമാസം അടക്കേണ്ടി വരിക 487.83 കോടി
* മാസം ശരാശരി 200 കോടി അടക്കേണ്ടി വരും
വായ്പ എങ്ങനെ തിരിച്ചടയ്ക്കും...?
* ജല അതോറിറ്റിയുടെ മാസ വരുമാനം 90 കോടി (ശരാശരി)
* മാസം വായ്പ തിരിച്ചടവായി നല്‍കേണ്ടത് 200 കോടി
* ജല അതോറിറ്റിയുടെ വാര്‍ഷിക റവന്യൂ കമ്മി: 161 കോടി
* വായ്പ അടവുകൂടി ചേരുമ്പോള്‍ ഇത് ഗണ്യമായി ഉയരും
ജലക്കരം കൂട്ടി വരുമാനം വര്‍ധിപ്പിക്കേണ്ടി വരും