നവീന്‍ ബാബുവിനെ ദിവ്യ ആക്ഷേപിക്കുമ്പോള്‍ കലക്ടര്‍ ചെറുചിരിയോടെ ഇരിക്കുകയായിരുന്നുവെന്നും ആ പെരുമാറ്റം സഹിക്കാനായില്ലെന്നും നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. അതുകൊണ്ടാണ് സംസ്കാരദിവസം കാണാന്‍ വിസമ്മതിച്ചതെന്ന് അവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നവീന്‍ ബാബുവിന് കലക്ടറുമായി സൗഹൃദമുണ്ടായിരുന്നില്ല. ലീവ് ചോദിക്കാന്‍ പോലും മടിയായിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.
അതേസമയം, മൊഴിയില്‍ ഉറച്ച് കണ്ണൂര് കലക്ടര്‍ അരുണ്‍ കെ.വിജയന്‍. പൊലീസ് അന്വേഷിച്ച് എഡിഎമ്മിന്റെ മരണ കാരണം കണ്ടെത്തട്ടെയെന്നും കുടുംബത്തിന്‍റെ ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും കലക്ടര്‍ പറഞ്ഞു.
എഡിഎമ്മിന്‍റെ ആത്മഹത്യയില്‍ പി.പി.ദിവ്യക്കെിരെ സിപിഎം സംഘടന നടപടിയെടുക്കില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും ദിവ്യയെ തരംതാഴ്ത്തുന്നത് പരിഗണിക്കേണ്ടന്നാണ് സംസ്ഥാന നേതൃത്വത്തിലെ ധാരണ . മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ജയിലായെങ്കിലും നിയമവഴി ഇനിയും ദിവ്യക്ക് ബാക്കിയുണ്ടെന്നതും തല്ക്കാലം സംഘടനാ നടപടികള്‍ ഒഴിവാക്കാന്‍ കാരണമാണ്. പി.പി. ദിവ്യയ്ക്കെതിരായ പാര്‍ട്ടി നടപടി ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.