എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസിനു വിശദമായി ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് അഞ്ചുമണിവരെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയതെന്നാണ് സൂചന.
അവസാനംവരെ സസ്പെന്‍സ് നിലനിര്‍ത്തിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയതും അതീവരഹസ്യമായിട്ടായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ദിവ്യയെ എത്തിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. എഡിഎമ്മിന്‍റെ യാത്രയയപ്പു വേദിയിലേക്ക് പോയതെന്തിനാണെന്നും എന്തെങ്കിലും പറയാനുണ്ടോ എന്നും പലതവണ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ഒരക്ഷരം ഉരിയാടാന്‍ പിപി ദിവ്യ തയ്യാറായില്ല.
കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ദിവ്യയെ ഇന്നു വൈകിട്ട് അഞ്ചുമണി വരെ കസ്റ്റഡിയില്‍ വിട്ടത്. എത്ര ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയതെന്നറിയില്ല, ഇന്നു വൈകിട്ടുവരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തേതു പോലെതന്നെ ഒരുപടി താഴാതെ പുഞ്ചിരിയോടെയാണ് ഇന്നും ദിവ്യ പൊലീസിനൊപ്പം നടന്നുനീങ്ങിയത്. ചുരിദാറായിരുന്നു വേഷം. എഡിഎമ്മിനെ അപമാനിച്ച വേദിയില്‍ ദിവ്യ പരാമര്‍ശിച്ച ഒരു കാര്യം എഡിഎമ്മിന്‍റെ ചെറുപുഞ്ചിരി ആയിരുന്നു. ചെറുപുഞ്ചിരിയോടെ നടക്കുന്നവരെല്ലാം നല്ലവരാണെന്ന അഭിപ്രായം ആര്‍ക്കും വേണ്ട എന്നതായിരുന്നു അന്ന് ദിവ്യ എഡിഎമ്മിനെതിരെ പറഞ്ഞത്.
അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയില്‍ സാങ്കേതികനടപടികള്‍ പൂര്‍ത്തിയാക്കും. നമ്പറിട്ട് ലിസ്റ്റ് ചെയ്ത ശേഷം നവീന്‍ ബാബുവിന്‍റെ കുടുംബം കക്ഷി ചേരും. അതിനുശേഷമാണ് ജാമ്യാപേക്ഷ പരിഗണിക്കുക. പൊലീസ് വളരെ രഹസ്യമായിട്ടാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അതുപോലെ തന്നെയാണ് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയതും. ജയിലില്‍ നിന്നും നേരെ കോടതിയിലേക്ക് കൊണ്ടുവരികയായിരുന്നു. വൈകിട്ട് അഞ്ചുമണിക്കു ശേഷം ദിവ്യയെ ജയിലിലേക്ക് തന്നെ കൊണ്ടുപോകും.
വലിയ തോതിലുള്ള സംരക്ഷണ കവചമാണ് പൊലീസ് ദിവ്യയ്ക്ക് നല്‍കുന്നത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോടൊന്നും ദിവ്യ പ്രതികരിച്ചില്ല. നേരത്തേ ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.