ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ തർക്കം ശാശ്വതമായി പരിഹരിക്കുമെന്ന് ബാവയ്ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയിരങ്ങളാണ് ബാവയ്ക്ക് യാത്രാമൊഴി നല്‍കാനെത്തിയത്. വൈകിട്ട് അഞ്ചുമണിക്കാണ് കബറടക്കം.
സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാക്കോബായ സഭ ആസ്ഥാനത്ത് എത്തി ശ്രേഷ്ഠ ബാവക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അഞ്ചുമണിയോടെ തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ഭൗതികശരീരം കബറടക്കും.
ഇന്നലെ രാത്രി എട്ടരയോടെ പുത്തൻ കുരിശിലെ യാക്കോബായ സഭ ആസ്ഥാനത്ത് എത്തിച്ച ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ഭൗതികശരീരം രാവിലെ 10 മണിയോടെയാണ് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എത്തിച്ചത്. സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിലെ പ്രാർഥനങ്ങൾക്ക് ശേഷമായിരുന്നു പൊതുദർശനം ആരംഭിച്ചത്. ബാവയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി രണ്ട് മണിക്കൂറോളം പ്രാർഥനയിൽ പങ്കെടുത്താണ് മടങ്ങിയത്.