പൊലീസ് വ്യാജ പോക്സോ കേസിൽപെടുത്തിയെന്നാരോപിച്ച് വയനാട്ടില്‍ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. പനമരം അഞ്ചുകുന്നിലുള്ള മാങ്കാനി കോളനിയിലെ രതിനാണ് പൊലീസ് നടപടിക്കു പിന്നാലെ ജീവനൊടുക്കിയത്. പൊലീസിനെതിരെ രതിന്‍ ഒരു വിഡിയോയും പകര്‍ത്തി.
‘നമ്മളൊരു ഫ്രണ്ടിനെ കണ്ടപ്പോ റോഡില്‍ നിന്ന് കുറച്ചുനേരം സംസാരിച്ചു. അത് പൊലീസുകാര് കണ്ടിട്ട് പോക്സോ കേസാക്കിക്കളഞ്ഞു. നല്ല വിഷമമുണ്ട്. കാരണം ഇപ്പോ തന്നെ മരിക്കാന്‍ വേണ്ടി പോകുവാ. മറ്റുള്ളവര്‍ നമ്മളെ കാണുന്നത് ആ ഒരു കണ്ണില്‍ കൂടെയെ കാണുള്ളൂ. ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് ഈ തീരുമാനമെടുത്തത്. വെള്ളം കുടിച്ചു തന്നെ മരിക്കണം. കാലില്‍ കല്ല് കെട്ടിയിട്ടിട്ടാണ് ചാടുന്നത്. അല്ലെങ്കില്‍ നീന്തി കയറാന്‍ തോന്നും. മരിക്കുന്നത് തന്നെയാണ് നല്ലത്. ആരും കാണാത്ത ഒരു സ്ഥലം കിട്ടിയാല്‍ ചാടും’ എന്നാണ് രതിന്‍ അവസാനമായി ചിത്രീകരിച്ച വിഡിയോയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ തർക്കത്തിലാണ് പൊലീസ് കേസെടുത്തത്. തര്‍ക്കത്തിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതിനുശേഷമാണ് രതിന്‍ ജീവനൊടുക്കിയത്. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് സംഭവത്തില്‍ കമ്പളക്കാട് പൊലീസ് വിശദീകരിക്കുന്നനത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)