TOPICS COVERED

കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. എട്ടുവര്‍ഷം മുന്‍പ് നിരോധിത സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകര്‍ കലക്ടറേറ്റ് വളപ്പിലെ ജീപ്പില്‍ സ്ഫോടനം നടത്തിയെന്നാണ് കേസ്. തമിഴ്നാട് മധുര സ്വദേശികളായ നാലു പേരാണ് പ്രതികള്‍. 

ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരും തമിഴ്നാട് മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് പ്രതികൾ. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. 2016 ജൂൺ 15 ന് രാവിലെ 10.45 നായിരുന്നു കലക്ട്രേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് മുന്നില്‍ കിടന്ന ജീപ്പില്‍ സ്ഫോടനം. തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിലാണ് ബോംബ് വച്ചത്. സ്ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബുവിന് പരുക്കേറ്റിരുന്നു. ഗുജറാത്തിൽ പൊലീസ് ഏറ്റുമുട്ടലിൽ ഇസ്രത്ത് ജഹാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ദക്ഷിണേന്ത്യയിൽ മൂന്നു സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് പ്രതികള്‍ സ്ഫോടനം നടത്തിയത്. ഇതില്‍ മൈസുരു കോടതി വളപ്പിലെ സ്ഫോടനക്കേസ് അന്വേഷണമാണ് കൊല്ലം കേസില്‍ തുമ്പുണ്ടാക്കിയത്. 

         

പ്രോസിക്യൂഷൻ 63 സാക്ഷികളെ വിസ്തരിച്ചു. 109 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കി. ഗൂഢാലോചന, കൊലപാതകശ്രമം, പരുക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമേ സ്ഫോടകവസ്തു നിയമവും യുഎപിഎ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.

ENGLISH SUMMARY:

The Principal Sessions Court will pronounce its verdict in the Kollam Collectorate blast case today