തൃശൂർ പൂരം കലക്കലില്‍ മുൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന് എതിരെ മൊഴി നൽകി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ. പൂരപ്പറമ്പില്‍ പൊലീസ് രാജാണ് നടന്നതെന്ന് ദേവസ്വം ഭാരവാഹികൾ പറയുന്നു. പൂര ദിനത്തിൽ നടന്ന അസ്വാഭാവികമായ കാര്യങ്ങളാണ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളോട് അന്വേഷണസംഘം ആരാഞ്ഞത്.
തിരുവമ്പാടി ദേവസം സെക്രട്ടറി കെ ഗിരീഷ് കുമാറും ജോയിൻ സെക്രട്ടറി പി ശശിധരനും മുൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെതിരെ മൊഴി നൽകി. കമ്മീഷണർ പൂരം സംഘാടകരെ ശത്രുക്കളായി കണ്ടു. പൂരത്തിനു മുമ്പുള്ള യോഗങ്ങളിലും കമ്മീഷണറുടേത് ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റമായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറ്റ ചട്ടം നിലനിന്നിരുന്നതിനാൽ കമ്മീഷണർക്ക് കൂടുതൽ അധികാരം ഉണ്ടായിരുന്നു. പെരുമാറ്റ ചട്ടമുള്ളതിനാൽ ജനപ്രതിനിധികൾ ഇത്തവണ പൂരത്തിന് ഇടപെടാൻ ഉണ്ടാകില്ലെന്ന് പൂരം സംഘാടകരെ പലതവണ ഓർമിപ്പിച്ചു.
പൂരം ത്രിതല അന്വേഷണത്തിൽ മൊഴിയെടുക്കൽ സജീവമായി തുടരുകയാണ്. ആരോഗ്യ ഉന്നത ഉദ്യോഗസ്ഥരും മുൻ കമ്മീഷണർക്കെതിരെ മൊഴി നൽകിയിരുന്നു. വരും ദിവസങ്ങളിൽ പാറമേക്കാവ് ദേവസ്വം ഭാരവാഹികളുടെ മൊഴിയെടുക്കും.