TOPICS COVERED

KSRTC ബസ് യാത്രക്കിടെ ഇനി ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുക സംസ്ഥാനത്തെ 24 ഹോട്ടലുകളില്‍ മാത്രം. യാത്രക്കിടെ ഭക്ഷണം കഴിക്കേണ്ട ഹോട്ടലുകളുടെ പട്ടികയും സമയക്രമവും കെഎസ്ആര്‍ടിസി  തയാറാക്കി പ്രസിദ്ധീകരിച്ചു. ഈ ഹോട്ടലുകളെ എങ്ങിനെ തിരഞ്ഞെടുത്തുവെന്നതിന് കെ.എസ്.ആര്‍.ടി.സിക്ക് കൃത്യമായ ഉത്തരമില്ല.  

കെ.എസ്.ആര്‍.ടി.സിയില്‍ ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കേണ്ട സമയം കഴിഞ്ഞ് വിശന്ന് വലഞ്ഞ് ഈ ബസ് എവിടെയെങ്കിലും ഒന്ന് നിര്‍ത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നിട്ടുള്ളവരാവും നമ്മളില്‍ പലരും. യാത്രക്കാരുടെ സൗകര്യത്തേക്കാള്‍ ഡ്രൈവറുടെ സൗകര്യത്തിനാവും പലപ്പോഴും നിര്‍ത്തുക. ഈ ശീലം അവസാനിപ്പിക്കുകയാണ്. യാത്രക്കിടയില്‍ എപ്പോളൊക്കെ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തണമെന്ന ടൈംടേബിളും ഭക്ഷണം കഴിക്കേണ്ട ഹോട്ടലുകളുടെ പട്ടികയും കെ.എസ്.ആര്‍.ടി.സി തയാറാക്കി ജീവനക്കാര്‍ക്ക് കൈമാറിക്കഴിഞ്ഞു.

രാവിലെ 7.30നും 9.30നും ഇടയില്‍ ബ്രേക്ക് ഫാസ്റ്റ്,  ഉച്ചഭക്ഷണം കഴിക്കേണ്ടത് 12.30 മുതല്‍ 2 മണി വരെയുള്ള സമയത്ത്. വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് അനുവദിച്ചിരിക്കുന്നത് നാല് മണിക്കും ആറിനും ഇടയിലുള്ള രണ്ട് മണിക്കൂര്‍. രാത്രി ഭക്ഷണം 8നും 11നും ഇടയില്‍ കഴിക്കണം. ഇതാണ് ൈടംടേബിള്‍. ഈ സമയത്ത് കണ്ണില്‍കാണുന്ന ഹോട്ടലിലൊന്നും നിര്‍ത്താന്‍ പറ്റില്ല. ഭക്ഷണം കഴിക്കാനായി കേരളത്തിലാകെ 24 ഹോട്ടലുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഹോട്ടലുകള്‍ ദേശീയപാതയിലാണ്. തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള യാത്രക്കിടയില്‍ ദേശീയപാതയുടെ ഓരത്തുള്ള   12 ഹോട്ടലുകളാണ് പട്ടികയില്‍.  MC റോഡിലൂടെയാണ് യാത്രയെങ്കില്‍ 7 ഹോട്ടലുകളും. ഇതുകൂടാതെ മറ്റ് പ്രധാന സംസ്ഥാന പാതകളിലായി 5 ഹോട്ടലും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ഹോട്ടലുകളിലല്ലാതെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കന്റീനില്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ നിര്‍ത്താവൂവെന്നാണ് നിര്‍ദേശം. വൃത്തിയും സൗകര്യവുമുള്ള ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം ഉറപ്പിക്കാനായി ഉദ്യോഗസ്ഥ സമിതിയെ വച്ച് പഠനമൊക്കെ നടത്തിയാണ് ഹോട്ടലുകള്‍ തിരഞ്ഞെടുത്തതെന്നാണ് ഔദ്യോഗികവിശദീകരണം. എന്നാല്‍ പട്ടികയിലുള്ളതില്‍ ഭൂരിഭാഗവും അല്‍പം വിലകൂടതലുള്ള ഹോട്ടലുകളാണ്. കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന സാധാരണക്കാരനെ മുന്തിയ ഹോട്ടലില്‍ നിന്ന് കഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കണോയെന്ന ചോദ്യം ഉയരുന്നുണ്ട്.

ENGLISH SUMMARY:

ksrtc has partnered with 24 hotels to provide quality food and clean facilities for passengers