സമീപകാലത്ത് പത്തനംതിട്ടയ്ക്ക് പറ്റിയ ഏറ്റവും വലിയ ചതിയാണ് പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ്. കഴിഞ്ഞ ദിവസത്തെ മഴയിൽ ബസ് സ്റ്റാൻഡ് ചോർന്നൊലിച്ചു. നനഞ്ഞു കുതിർന്നാണ് പലരും ജോലി ചെയ്യുന്നത്. വർക്ക് ഷോപ്പ് അടക്കം കക്കൂസ് മാലിന്യത്തിൽ നിറഞ്ഞിരിക്കുന്നു എന്ന് ജീവനക്കാർ തന്നെ പറയുന്നു.
ആറരക്കോടി ചെലവിട്ട് നിർമിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം വർഷമായപ്പോഴേക്കും കോൺക്രീറ്റ് തകർന്നു തുടങ്ങി. തുറന്ന് ദിവസങ്ങൾക്കുള്ളിൽ ലക്ഷങ്ങളുടെ അറ്റകുറ്റപ്പണി. തുറന്നപ്പോൾ മുതൽ മൂന്നാം നിലയിൽ മുട്ടറ്റം വെള്ളം. പലയിടവും ചോർന്ന് ഒലിക്കുകയാണ്. അടുത്തിടെയാണ് തട്ട് കൊത്തിയിളക്കി വീണ്ടും പ്ലാസ്റ്റർ ചെയ്തത്. സ്റ്റാൻഡിനകത്ത് തന്നെ വെള്ളം നിറഞ്ഞ് യാത്രക്കാരും ജീവനക്കാരും തെന്നിവീഴുന്ന നിലയിലാണ്. അകത്തു തന്നെ ടാർപ്പാളിൻ ഷീറ്റ് വലിച്ചു കെട്ടേണ്ട സ്ഥിതി.
മഴ കനത്തതോടെ വർക്ക് ഷോപ്പ് അടക്കം ചെളികുളമായി. കക്കൂസ് മാലിന്യമാണ് ഒഴുകി പരന്നിരിക്കുന്നത് എന്ന് ജീവനക്കാർ പറയുന്നു. മൂന്നരക്കോടി ചെലവിട്ടാണ് ബസ് സ്റ്റാൻഡിന്‍റെ യാർഡ് നിർമിച്ചത്. 2015ലാണ് കെട്ടിട നിർമാണം തുടങ്ങിയത്. ഇഴഞ്ഞും മുടങ്ങിയും പണി തീർന്നത് 2021ൽ. നിലവിലെ തകരാറുകൾ പരിഹരിക്കാൻ കഴിയാത്ത അത്ര ഗുരുതരമാണെന്നാണ് വിദഗ്ധർ പറയുന്നത്. നിർമാണത്തിലെ അഴിമതിയിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് തുടർച്ചയായ സമരങ്ങളിലാണ്.