ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത് വ്യവസായവകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തന്നെയെന്ന നിഗമനത്തില്‍ പൊലീസ്. ഹാക്കിങ് കണ്ടെത്താനായില്ലന്നും ഗോപാലകൃഷ്ണന്‍ മൊബൈല്‍ ഫോര്‍മാറ്റ് ചെയ്തത് തിരിച്ചടിയായെന്നും കാണിച്ച് തിരുവനന്തപുരം കമ്മീഷണര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഗോപാലകൃഷ്ണനെതിരെ അന്വേഷണത്തിനും നടപടിക്കും കളമൊരുങ്ങി.
മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഹാക്കിങ് പരാതി കൊടുത്ത ഗോപാലകൃഷ്ണന്‍ മൊത്തത്തില്‍ പെട്ടിരിക്കുകയാണ്. ഹിന്ദുവെന്നും മുസ്ളീമെന്നും സഹപ്രവര്‍ത്തകരെ വേര്‍തിരിച്ച് ഗ്രൂപ്പുണ്ടാക്കിയെന്ന് മാത്രമല്ല, വ്യാജപരാതി നല്‍കി കബളിപ്പിച്ചെന്നുമാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് മൊബൈലും ഫോര്‍മാറ്റ് ചെയ്ത ശേഷമാണ് ഗോപാലകൃഷ്ണന്‍ പൊലീസിന് കൈമാറിയത്. അതിനാല്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്നത് ഉള്‍പ്പടെ നിര്‍ണായക വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായില്ല. നേരത്തെ വാട്സാപ് നല്‍കിയ റിപ്പോര്‍ട്ടിലും ഹാക്കിങ് സാധ്യത പറഞ്ഞിരുന്നില്ല. അതിനാല്‍ ഹാക്കിങ്ങിന് തെളിവില്ലെന്ന് വിലയിരുത്തലില്‍ ഗോപാലകൃഷ്ണന്റെ പരാതിയിലെ അന്വേഷണം അവസാനിപ്പിക്കുകയാണ് പൊലീസ്.
മൊബൈല്‍ ഫോര്‍മാറ്റ് ചെയ്തത് എന്തിനാണെന്ന് ഗോപാലകൃഷ്ണന്‍ വിശദീകരിക്കണം.മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട വിഷയത്തിലെ തുടര്‍നടപടി സര്‍ക്കാരിന് നിര്‍ദേശിക്കാമെന്നും ജി.സ്പര്‍ജന്‍കുമാര്‍ ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ടോടെ വ്യവസായവകുപ്പ് ഡയറക്ടറുടെ കസേര തെറിക്കുന്നത് ഉള്‍പ്പടെയുള്ള നടപടിക്ക് കളമൊരുങ്ങി.അതിനപ്പുറം മതാടിസ്ഥാനത്തിലുള്ള വാട്സപ് ഗ്രൂപ്പ് രൂപീകരണത്തിനും വ്യാജപരാതിക്കും കേസെടുക്കുമോയെന്നതും നിര്‍ണായകമാണ്.