വാട്സാപ്പ് ചിത്രം മാറ്റി പി.പി.ദിവ്യ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വാചകം വാട്സാപ്പ് ചിത്രമാക്കി പി.പി.ദിവ്യ. ഒരായിരം തവണ ഉറക്കെ വിളിച്ചു പറഞ്ഞാലും നമ്മളെ കുറിച്ച് നമ്മള്‍ പറയുന്ന സത്യത്തേക്കാള്‍ ലോകം വിശ്വസിക്കുക മറ്റുള്ളവര്‍ പറയുന്ന കള്ളമായിരിക്കുമെന്ന് വാട്സാപ്പില്‍.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ പി.പി.ദിവ്യ വിവാദങ്ങളോട്  പ്രതികരിച്ചില്ല. മാധ്യമങ്ങളുടെ മുൻപിൽ വരേണ്ട എന്നാണ് ദിവ്യയുടെയും കുടുംബത്തിന്റെയും തീരുമാനം. നടപടികൾ നേരിട്ടതിന്‍റെ ആഘാതത്തിൽ കൂടിയാണ് ദിവ്യ എന്നാണ് വിവരം. കേസിന്‍റെ തുടർനടപടികളുമായി മുന്നോട്ടു പോവുകയാണ് അന്വേഷണസംഘം. വൈകാതെ കലക്ടറുടെയും, ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെയും, നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെയും മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

അതേസമയം, കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു.  ചുമതല വഹിക്കാൻ കഴിയാത്ത മാനസിക അവസ്ഥയിൽ ആയതിനാൽ കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റണമെന്നാണ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടത്. സർവീസ് സംഘടനകളും അനുകൂല നിലപാടാണ്. ഡിസംബറിൽ അവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ചേക്കും. അതേസമയം പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടിയ സാഹചര്യത്തിൽ തുടർനടപടികളിൽ ആലോചിച്ച്  തീരുമാനമെടുക്കുമെന്ന് മഞ്ജുഷ അറിയിച്ചു. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഹൈക്കോടതിയെ സമീപിക്കൂ. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ  പ്രവർത്തനത്തിലും കുടുംബത്തിന് തൃപ്തിയില്ല. 

ENGLISH SUMMARY:

PP Divya has changed her whatsapp profile photo