വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഗീയ വേര്‍തിരിവുണ്ടാക്കാനെന്ന് സര്‍ക്കാര്‍. എന്നാല്‍ ഗോപാലകൃഷ്ണനെതിരെ പൊലീസ് സ്വമേധെയാ കേസെടുക്കില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരായ എന്‍.പ്രശാന്തിന്‍റെ പരസ്യ അധിക്ഷേപങ്ങള്‍ ഭരണസംവിധാനത്തിന്‍റെ പ്രതിഛായ തകര്‍ത്തെന്നുമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ളത്. എന്നാല്‍ നിയമത്തേക്കുറിച്ച് തനിക്കും ധാരണയുണ്ടെന്ന് പ്രതികരിച്ച പ്രശാന്ത് സസ്പെന്‍ഷനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.
മല്ലു ഹിന്ദു ഗ്രൂപ്പുണ്ടാക്കിയ ഗോപാലകൃഷ്ണനും കളപറിക്കുന്ന കര്‍ഷകനെന്ന മോഹന്‍ലാല്‍ ഡയലോഗ് സ്വയം എടുത്തണിഞ്ഞ പ്രശാന്തിനും ഒറ്റ രാത്രിയിലെ ഇരട്ട സസ്പെന്‍ഷനിലൂടെ കസേരതെറിച്ചു. ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ ഇരുവര്‍ക്കുമെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനെന്ന് ഉറപ്പിച്ച സര്‍ക്കാര്‍, വര്‍ഗീയ വേര്‍തിരിവായിരുന്നു ലക്ഷ്യമെന്നും ഉത്തരവില്‍ എഴുതിയതോടെ സ്ഥാനക്കയറ്റമടക്കം ഗോപാലകൃഷ്ണന്റെ കരിയര്‍ തന്നെ തുലാസിലായി. മതഗ്രൂപ്പുണ്ടാക്കിയതിനപ്പുറം പിടിക്കപ്പെടാതിരിക്കാന്‍ കള്ളപ്പരാതി നല്‍കി ഗോപാലകൃഷ്ണന്‍ പൊലീസിനെയും സര്‍ക്കാരിനെയും കബളിപ്പിച്ചെന്നും വ്യക്തമായി. എന്നാല്‍ വാട്സപ് ഗ്രൂപ്പില്‍ അംഗമായ ഐ.എ.എസുകാര്‍ ഉള്‍പ്പെടെ ആരെങ്കിലും പരാതി നല്‍കുകയോ സര്‍ക്കാര്‍ നിര്‍ദേശിക്കുകയോ ചെയ്താല്‍ മാത്രമേ ഗോപാലകൃഷ്ണനെതിരെ കേസെടുക്കൂവെന്നാണ് പൊലീസ് നിലപാട്. ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നത് ചട്ടലംഘനമല്ലെന്ന് അവകാശപ്പെട്ട് എ.ജയതിലകിനെ ചിത്തരോഗി, മറ്റുള്ളവരുടെ കരിയര്‍ നശിപ്പിച്ചവനെന്നൊക്കെ ഫേസ്ബുക്കിലെഴുതി അധിക്ഷേപിച്ച പ്രശാന്തിന്‍റേത് കടുത്ത അച്ചടക്കലംഘനമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. പ്രശാന്തിന്‍റെ പ്രതികരണങ്ങള്‍ ഭരണസംവിധാനത്തിന്‍റെ പ്രതിഛായ തകര്‍ത്തു, ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് സൃഷ്ടിച്ചു, സര്‍വീസ് ചട്ടം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഉത്തരവിലെഴുതിയിരിക്കുന്നത്. പക്ഷെ അംഗീകരിക്കാനും അടങ്ങാനും പ്രശാന്ത് തയാറല്ല.
അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രകടിപ്പിച്ചതെന്നും തന്‍റെ ഭാഗം കേള്‍ക്കാതെയാണ് സസ്പെന്‍ഷനെന്നും ആരോപിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. അതിനിടെ പ്രശാന്തിന്‍റെ സസ്പെന്‍ഷന് കാരണമായ ജയതിലകിനെതിരെ സെക്രട്ടേറിയറ്റിലെ സ്പെഷല്‍ സെക്രട്ടറി ഷൈനി ജോര്‍ജ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നല്‍കിയ പരാതി അട്ടിമറിച്ചതില്‍ സി.പി.എം അനുകൂല സംഘടനയില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.