ഐ.എ.എസ് ചേരിപ്പോരില്‍ സസ്പെന്‍ഷന്‍ വാങ്ങിയ എന്‍.പ്രശാന്ത് െഎഎഎസ് വീണ്ടും ഒളിയമ്പെയ്ത് രംഗത്ത്. കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ എംഡിയായിരിക്കേയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ വിവാദപരാമര്‍ശങ്ങള്‍ നടത്തുകയും സസ്പെന്‍ഷന്‍ വാങ്ങുകയും ചെയ്തത്. ഇതിനെതിരെ കാംകോയില്‍ പ്രശാന്തിനെ പിന്തുണയ്ക്കുന്നവര്‍ നടത്തിയ പ്രതിഷേധത്തിന്‍റെ വിഡിയോ പങ്കുവച്ചാണ് പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഡോ.ജയതിലക് ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നരേറ്റിവ് ആണ് വിവാദത്തിന് പിന്നിലെന്ന് പ്രശാന്ത് ആരോപിച്ചു. ‘ഇത്തരം വ്യാജ നരേറ്റിവുകള്‍ പൊളിച്ച് ചവറ്റുകുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളു. ഞാൻ നിങ്ങളുടെ MD അല്ലെങ്കിലും നമ്മൾ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം. ഈ ഘട്ടത്തിൽ സത്യത്തിന് വേണ്ടി നിലകൊള്ളാൻ തീരുമാനിച്ച CITU, AITUC, INTUC യൂണിയനുകൾ, ഓഫീസേസ് അസോസിയേഷനുകൾ ഏവർക്കും നന്ദി. നിങ്ങൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകണം. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണും.'
അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ പ്രശാന്ത് തുടര്‍ച്ചയായി നടത്തിയ ‘മാടമ്പള്ളിയിലെ ചിത്തരോഗി’ ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങള്‍ കണക്കിലെടുത്താണ് സസ്പെന്‍ഡ് ചെയ്തത്. കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സസ്പെന്‍ഷന്‍. റിപ്പോര്‍ട്ടിലെ പ്രധാന വിലയിരുത്തലുകള്‍ ഇവയാണ്.
# അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളില്‍അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി. അത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കി.
# പരാമര്‍ശങ്ങള്‍ കടുത്ത അച്ചടക്കലംഘനം; ഭരണസംവിധാനത്തിന്‍റെ പ്രതിച്ഛായ മോശമാക്കി.
# സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നിപ്പും അതൃപ്തിയും ഉണ്ടാക്കാന്‍ കഴിയുന്ന പരാമര്‍ശങ്ങളാണ് പ്രശാന്തിന്‍റേത്. അവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍റെ പദവിക്ക് ചേരുന്നതല്ല.