കഴിഞ്ഞദിവസം പൊലീസ് പിടിയിലായ കുറുവ സംഘം കുണ്ടന്നൂരിലെത്തിയത് മൂന്നുമാസം മുൻപ്. രണ്ടു പുരുഷന്മാർ അടക്കം 7 മുതിർന്നവർ സംഘത്തിൽ ഉണ്ടായിരുന്നു. വലിയ ശല്യമായിരുന്നു ഇവരെന്ന് കുണ്ടന്നൂർ പാലത്തിന് താഴെ താമസിക്കുന്നവർ പറഞ്ഞു.
വർഷങ്ങളായി താമസിക്കുന്ന നിരവധി പേരുണ്ട് കുണ്ടന്നൂർ പാലത്തിന് താഴെ. എന്നാൽ പൊലീസ് പിടിയിലായ കുറുവാ സംഘം ഇവിടെയെത്തിയത് മൂന്നുമാസം മുൻപെന്നാണ് വിവരം. രണ്ടു പുരുഷന്മാരടക്കം 7 പേരുണ്ടായിരുന്നു സംഘത്തിൽ. കുഞ്ഞുങ്ങളും ഇവരോടൊപ്പം ഉണ്ടായിരുന്നു. ദിവസവും ഇവർ തമ്മിൽ തമ്മിൽ വഴക്കിടാറുണ്ടെന്നും, തങ്ങളോടും മോശമായാണ് പെരുമാറാറുള്ളതെന്നും ഇവിടെയുള്ള താമസക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു. ഇവിടെ താമസിക്കുന്ന അഞ്ചുപേരെ കഴിഞ്ഞദിവസം മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.