സജിചെറിയാനെതിരായ വിധിയില്‍ വിശദമായ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം. തല്ക്കാലം രാജിയെന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് സിപിഎം നേതൃത്വവും ധാര്‍മികതയുടെ പ്രശ്നം ഇനിയില്ലെന്ന സജി ചെറിയാനും വ്യക്തമാക്കുന്നു. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തേക്കും
സജി ചെറിയാന്‍റെ രാഷ്ട്രീയ ജീവിതത്തെ എന്നും വേട്ടയാടുന്ന ഈ പ്രസംഗം വീണ്ടും മന്ത്രിസ്ഥാനം തെറിപ്പിക്കുമോ എന്നതാണ് സിപിഎമ്മിനും സര്‍ക്കാരിനുമുണ്ടാക്കുന്ന ആശങ്ക. ഇന്ന് മന്ത്രിസഭായോഗം നടക്കുന്നതിനിടെ വിധിയറിഞ്ഞ സജി ചെറിയാന്‍ മുഖ്യമന്ത്രിയുമായി അതിന് ശേഷം ആശയവിനിമയം നടത്തി. വിധി പകര്‍പ്പ് വിശദമായി പരിശോധിക്കാനും നിയമോപദേശം തേടാനുമാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. പ്രസംഗം ശരിയോ തെറ്റോ എന്നതിലേക്ക് ഹൈക്കോടതി അഭിപ്രായം പറയാത്തിടത്തോളം ധാര്‍മികയുടെ പ്രശ്നമില്ലെന്നാണ് സജി ചെറിയാന്‍റെ നിലപാട്
തുടര്‍ അന്വേഷം നടക്കാന്‍ സാധ്യതയുള്ളപ്പോള്‍ തല്‍ക്കാലം രാജിയിലേക്ക് പോകേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിലെയും നിലവിലെ ധാരണ. നാളത്തേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്തേക്കും. സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ ഒന്നര വര്‍ഷം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതേ വിഷയത്തില്‍ ഒരിക്കല്‍ രാജിവെയ്ക്കുകയും ആറുമാസത്തിന് ശേഷം തിരികെ മന്ത്രിസഭയില്‍ എത്തിക്കുകയും ചെയ്ത സജി ചെറിയാനെ ഇനി രാജിവെയ്പ്പിക്കുന്നത് അസാധ്യമാണെന്നാണ് സിപിഎം നേതാക്കള്‍ സൂചിപ്പിക്കുന്നത്