പാലക്കാട്ടെ വിധിദിനത്തിന് രണ്ടുരാത്രിയും ഒരുപകലും ബാക്കി നിൽക്കെ കണക്ക് നിരത്തി മുന്നണികൾ. മുൻസിപ്പാലിറ്റിയിൽ വോട്ടിങ്ങ് ശതമാനം കുറഞ്ഞത് അനുകൂലമാകുമെന്ന് യു.ഡി.എഫ് പറയുമ്പോൾ, ശക്തികേന്ദ്രങ്ങളിൽ അടിതെറ്റിയില്ലെന്ന വാദമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. യു.ഡി.എഫ് - ബി.ജെ.പി വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞെന്നാണ് എൽ.ഡി. എഫ് കണക്കുകൂട്ടൽ. പുറമേക്ക് ചിരിക്കുമ്പോഴും മുന്നണികളുടെ മനസ്സ് അത്ര ശാന്തമല്ല.
കൊട്ടി കയറിയ പ്രചാരണങ്ങളും കത്തികയറിയ വിവാദങ്ങളും പോലെ പ്രതിഫലിച്ചില്ല പാലക്കാട്ടെ പോളിങ്ങ് എന്ന് എല്ലാ മുന്നണികളും സമ്മതിക്കുന്നു. 2021 ലെ 75.83 എന്ന പോളിങ്ങ് ശതമാനം ഇത്തവണ 70.51 ആയി കുറഞ്ഞു. പാലക്കാട്ടെ എം എൽ എ തീരുമാനിക്കാൻ നിർണായകമാവുന്ന മുൻസിപാലിറ്റിയിലെ വോട്ടിങ് കുറഞ്ഞതാണ് കോൺഗ്രസിൻ്റെ പ്രധാന ആശ്വാസം. ഭരണ വിരുദ്ധത അലയടിക്കുമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസ് അവരുടെ ഭൂരിപക്ഷം 10,000 കടക്കുമെന്നും പ്രതീക്ഷിക്കുന്നു
മുൻസിപാലിറ്റിയിൽ വോട്ടിങ് കുറഞ്ഞതും പിരായിരിയും കണ്ട് കോൺഗ്രസ് ആശ്വസിക്കണ്ടതില്ലെന്ന് ബി ജെ പി പറയുന്നത് യു ഡി എഫ് ശക്തി കേന്ദ്രങ്ങളിൽ അവർക്ക് കടക്കാൻ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ്. മുൻസിപാലിറ്റിയിലെ ശക്തി കേന്ദ്രങ്ങളിൽ ഇടിവില്ലെന്നും എൻ ഡി എ ക്യാമ്പ് കരുതുന്നു. വിജയമില്ലെങ്കിൽ രണ്ടാം സ്ഥാനം എങ്കിലും ലക്ഷ്യമിട്ട് ഇറങ്ങിയ എൽ ഡി എഫിനും സരിനിൽ പ്രതീക്ഷയുണ്ട്. സി പി എമ്മിൻ്റെ രാഷ്ട്രീയ പരീക്ഷണം ശരിയായിരുന്നുവെന്ന് ജില്ല സെക്രട്ടറി തന്നെ പറയുന്നത് അവർക്ക് യു ഡി എഫ് ബി ജെ പി വോട്ടുകളും നേടാനായി എന്ന വിശ്വാസത്തിലാണ്