തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് സിഗ്നലുകളുടെ തകരാറ് മൂലം പിഴ നോട്ടീസ് ലഭിച്ചവര്‍ ഫൈന്‍ അടയ്ക്കേണ്ട. തകരാറുള്ള ദിവസങ്ങളില്‍ പിഴ നോട്ടീസ് ലഭിച്ചവരെ ഒഴിവാക്കാനായി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനവും പരിശോധിക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. പിഴവ് ചൂണ്ടിക്കാട്ടിയ മനോരമ ന്യൂസ് വാര്‍ത്തയിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.
സാധാരണ ട്രാഫിക് സിഗ്നലുകളില്‍ പച്ച മാറി ചുവപ്പ് ലൈറ്റ് തെളിയുന്നതിന്റെ മുന്നറിയിപ്പായി കൗണ്ട് ഡൗണ്‍ ടൈമറുകളുണ്ട്. പട്ടത്തെ ടൈമര്‍ ലൈറ്റുകള്‍ ചത്തിരിക്കുകയാണ്. ഈ വാര്‍ത്തയും ഇവരുടെ പരാതിയും ഗൗരവമുള്ളതെന്ന് ഒടുവില്‍ സര്‍ക്കാര്‍ സമ്മതിച്ചു. തിരുവനന്തപുരത്തെ പട്ടത്തെയും കരമനയിലെയും എ.ഐ കാമറകള്‍ ദിവസവും ആയിരത്തിലധികം പേരെ നിയമലംഘകരാക്കിയതും മൂവായിരമെന്ന വന്‍ പിഴക്ക് നോട്ടീസ് അയച്ചതും വാഹനയാത്രക്കാരുടെ തെറ്റായിരുന്നില്ല. സിഗ്നലുകളുടെ പിഴവായിരുന്നു. തകരാറുള്ള ദിവസങ്ങളില്‍ റെഡ് സിഗ്നല്‍ മറികടന്നെന്ന പേരില്‍ നോട്ടീസ് ലഭിച്ചവരെ പിഴയില്‍ നിന്നൊഴിവാക്കും.
ഈ മാസം പത്തിന് ശേഷമുള്ള ഒരാഴ്ചയോളമാണ് തകരാറെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തകരാറുള്ള ദിവസങ്ങളുടെ കണക്കെടുത്ത ശേഷം ഏത് സമയത്ത് നോട്ടീസ് ലഭിച്ചവരുടെ പിഴയാണ് ഒഴിവാക്കുന്നതെന്ന് തീരുമാനിക്കും. ഇത്തരം വീഴ്ചകള്‍ ഒഴിവാക്കാന്‍ ക്യാമറകളുടെ മേല്‍നോട്ടം മോട്ടോര്‍ വാഹനവകുപ്പ് ഏറ്റെടുക്കം. സംസ്ഥാനത്തെ മുഴുവന്‍ ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം ഒരാഴ്ചക്കുള്ളില്‍ പരിശോധിക്കും.