ശിവഗിരിമഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സന്യാസിമാരടങ്ങുന്ന നൂറ്റിയന്‍പത് അംഗ സംഘം. ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി പ്രമാണിച്ചാണ് വത്തിക്കാനില്‍ മൂന്നുദിവസത്തെ മത പാര്‍ലമെന്റ്. ഈമാസം 30ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

വര്‍ക്കല ശിവഗിരിമഠത്തിന്റെ നിയന്ത്രണത്തിലുള്ള ആശ്രമങ്ങളിലെ സന്യാസിമാരും മതമേലധ്യക്ഷന്മാരും ഉള്‍പ്പടെ നൂറ്റിയന്‍പത് പേരടങ്ങുന്ന സംഘമാണ് വത്തിക്കാനില്‍ സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവർ ഇതില്‍ ഉള്‍പ്പെടും. ഇതിൽ അറുപത്തഞ്ചുപേര്‍ക്ക് മാര്‍പ്പാപ്പയെ നേരില്‍ക്കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതല്‍ വ്യാപിക്കുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും പറഞ്ഞു.

നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ്ബ് കൂവക്കാട്, ചാണ്ടി ഉമ്മന്‍ എം.എല്‍.എ തുടങ്ങിയവരുള്‍പ്പടെ സര്‍വമത സമ്മേളം സംഘടിപ്പിക്കുന്നതിൽ വലിയ പിന്തുണ നൽകിയെന്ന മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ശിവഗിരി തീര്‍ഥാടനവേളയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേക വീഡിയോ സന്ദേശം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ENGLISH SUMMARY:

A hundred and fifty-member group of monks to participate in the interfaith conference organized by the Sivagiri Mutt at the Vatican.