വളരുന്ന കൊച്ചിയുടെ വികസന കുരുക്കഴിക്കാൻ ലക്ഷ്യമിട്ട് മലയാള മനോരമ സംഘടിപ്പിച്ച സെമിനാര്‍ നിര്‍ദേശിച്ചത് ഐടി വളർച്ചയ്ക്കുള്ള ഒരുപിടി ആശയങ്ങൾ. പുതിയ ക്യാംപസ്, നൈറ്റ് ലൈഫ്, മികച്ച ഗതാഗത സംവിധാനങ്ങൾ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം അത്യാവശ്യമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. കൊച്ചിയുടെ ഐടി ഹബ്ബായ ഇൻഫോപാർക്ക് സ്ഥലപരിമിതി കൊണ്ടു വീർപ്പു മുട്ടുന്നതിനാൽ പുതിയ ക്യാംപസിന് സ്ഥലം കണ്ടെത്തണമെന്നായിരുന്നു പ്രധാന നിർദേശം.
കിഴക്കമ്പലം, കുന്നത്തുനാട് മേഖലകളിലായി 300 ഏക്കർ സ്ഥലം ലാൻഡ് പൂളിങ് വഴി കണ്ടെത്താൻ ശ്രമം ആരംഭിച്ചെന്ന് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ അറിയിച്ചു. മെട്രോ റെയിൽ ഇൻഫോപാർക്കിലേക്ക് എത്തുന്നതോടെ ഗതാഗത പ്രശ്നം പരിഹരിക്കപ്പെടുമെന്ന് മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ. വിവിധ ഗതാഗത സംവിധാനങ്ങൾ സംഗമിക്കുന്ന ട്രാൻസിറ്റ് ഹബ് ആയി ഇൻഫോപാർക്ക് മാറുമെന്ന പ്രതീക്ഷയും സെമിനാറിൽ ഉയർന്നു.
പുതിയ ഫെയ്സ് 3 ക്യാംപസിലും ഇത്തരം സൗകര്യങ്ങളെല്ലാം ഉണ്ടാകുമെന്ന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉറപ്പുനല്‍കി. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ലാൻഡ് സീലിങ് ഒഴിവാക്കണമെന്ന് റെറ ചെയർമാനും സെമിനാർ മോഡറേറ്ററുമായിരുന്ന പി.എച്ച്.കുര്യൻ നിർദേശിച്ചു. മദ്യനയം ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ മൈസ് ടൂറിസത്തിന് തിരിച്ചടിയാണെന്ന് ചർച്ചയില്‍ പരാതിയുയര്‍ത്തു. നിർദേശങ്ങളോട് മന്ത്രി പി.രാജീവ് പ്രതികരിച്ചു. മലയാള മനോരമ ചീഫ് അസോസിയേറ്റ് എഡിറ്റർ ആൻഡ് ഡയറക്ടർ റിയാദ് മാത്യു ആമുഖ പ്രഭാഷണം നടത്തി.