കൊച്ചി ചേരാനലൂരിൽ വാഹനപരിശോധനക്കിടെ എംഡിഎംഎയുമായി യുവാക്കൾ പൊലീസിന്റെ പിടിയിൽ. തൃക്കാക്കര സ്വദേശി നൗഫൽ, ആലപ്പുഴ സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. ഇടപാടുകാർക്ക് 70 ഗ്രാം എംഡിഎംഎ കൈമാറാൻ എത്തിയപ്പോളാണ് ഇരുവരും പിടിയിലായത്.
കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിയിടപാടുകൾ തടയാൻ പൊലീസ് രാത്രികാല പരിശോധനകൾ കർശനമാക്കിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് ചൊവാഴ്ച മാത്രം 144 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പരിശോധനയ്ക്കിടെയാണ് എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത്. ഇടക്കുന്നം ഭാഗത്ത് പരിശോധനക്കിടെ വെള്ള നിറത്തിലുള്ള കാർ ലൈറ്റ് തെളിയിച്ച് കണ്ടതോടെ പൊലീസിന് സംശയം തോന്നി.
കാറിലിരുന്ന് മദ്യപിക്കുന്നുവെന്നാണ് പൊലീസ് ആദ്യംകരുതിയത്. പോലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന രണ്ട് പേരും പകച്ചു. പുറത്തിറക്കി ചോദ്യം ചെയ്യുന്നതിനിടെ നൗഫലിന്റെ ട്രാക്ക് സ്യൂട്ടിന്റ ഇടത്തെ പോക്കറ്റിൽ എന്തോ വീർതിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇത പുറത്തെടുത്ത് പരിശോധിച്ചപ്പോൾ കവറിൽ ഒളിപിച്ച ലഹരിമരുന്ന് കണ്ടെത്തി. ഇത് കൈമാറാൻ ഇടപാടുകാരെ കാത്ത് കിടക്കുകയായിരുന്നു ഇരുവരും.
പ്രതികളുടെ കാറും കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്നാണ് പ്രതികൾ എംഡിഎംഎ എത്തിച്ചത്. കൊച്ചിയിൽ വലിയതോതിൽ ഇവരുടെ നേതൃത്വത്തിൽ ലഹരിയിടപാടുകൾ നടക്കുന്നുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇടപാടുകാരിലേക്കും ലഹരി കൈമാറിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ചേരാനല്ലൂർ പൊലീസ്.