waqf-board

TOPICS COVERED

വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ കാലാവധി നീട്ടി.  ഇതുസംബന്ധിച്ച പ്രമേയം ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. 

 

ജെ.പി.സി അധ്യക്ഷന്‍ ജഗദംപികാപാല്‍ ആണ് കാലാവധി നീട്ടാനുള്ള പ്രമേയം ലോക്സഭയില്‍  അവതരിപ്പിച്ചത്. അടുത്തവര്‍ഷം ഏപ്രിലില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തിന്‍റെ അവസാനം വരെ സമയം നീട്ടണമെന്ന ആവശ്യം സഭ അംഗീകരിച്ചു. അതിനിടെ അദാനി വിഷയത്തിലടക്കം ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ഇന്നും പ്രതിപക്ഷം ബഹളംവച്ചു. ലോക്സഭയില്‍ പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെയായിരുന്നു പ്രതിഷേധം. 12 മണിവരെ സഭ നിര്‍ത്തിവച്ചെങ്കിലും വീണ്ടും പ്രതിഷേധം തുടര്‍ന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം മറ്റ് അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയാണെന്നും സമീപനം ശരിയല്ലെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി

രാജ്യസഭയിലും സമാനമായിരുന്നു സാഹചര്യം. ഒരു തവണ നിര്‍ത്തിവച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.  സഭ ചട്ടങ്ങൾക്ക് എതിരാണ് പ്രതിപക്ഷ പെരുമാറ്റമെന്ന് അധ്യക്ഷൻ ജഗ്ദീപ് ധന്‍കര്‍ വിമര്‍ശിച്ചു. തുടര്‍ച്ചയായ മൂന്നാംദിവസമാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും പിരിയുന്നത്.