Untitled design - 1

പത്തനംതിട്ട കുരമ്പാലയില്‍ എം.സി റോഡരികില്‍ നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. വീട് പൂര്‍ണമായും തകര്‍ന്നു.  വീട്ടുടമ രാജേഷ്യനും ഭാര്യക്കും രണ്ടു മക്കള്‍ക്കും പരുക്കേറ്റു. രണ്ടു മക്കളേയും വിദഗ്ധ ചികില്‍സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

 

രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത്. വീട്ടുകാര്‍ അടുക്കള ഭാഗത്തായിരുന്നതിനാല്‍ പരുക്കുകളോടെ രക്ഷപെട്ടു. തൊട്ടടുത്ത വീട്ടിലെ ആള്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ വീട്ടുകാര്‍ ഉള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്സെത്തി പരുക്കേറ്റവരെ പുറത്തെടുത്തു. ശബ്ദം കേട്ടതിന് പിന്നാലെ ആകെ പൊടിപടലം നിറഞ്ഞിരുന്നു. 

പുലര്‍ച്ചെ വലിയ ശബ്ദം കേട്ടാണ് ഉണര്‍ത്തതെന്ന് വീട്ടുടമ രാജേഷ് പറഞ്ഞു. ഭാര്യ ദീപയ്ക്ക് കാര്യമായ പരുക്കില്ല. മക്കളുടെ മുകളിലേക്ക് വെട്ടുകല്ലിന്‍റെ ഭാഗങ്ങള്‍ വീണു കിടക്കുകയായിരുന്നു. മീരയുടെ വയറിനും മീനാക്ഷിയുടെ കാലിനുമാണ് പരുക്ക്.

പരുക്കേറ്റ മക്കളായ മീര, മീനാക്ഷി എന്നിവരെ വിദഗ്ധ ചികില്‍സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവര്‍ക്കും, ക്ലീനര്‍ക്കും ചെറിയ പരുക്കുണ്ട്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. സ്ഥിരം അപകടമേഖലയാണ് എംസിറോഡില്‍ കുരമ്പാല ഭാഗം. പല പഠനങ്ങള്‍ നടന്നതല്ലാതെ പരിഹാരം ഉണ്ടായില്ല എന്നാണ് നാട്ടുകാരുടെ പരാതി. 

ENGLISH SUMMARY:

Lorry accident in Pathanamthitta, family just escaped