munambam-protest

മുനമ്പം വഖഫ് ഭൂമിയിലെ പ്രതിഷേധ സമരം അൻപതാം ദിവസത്തിൽ. താമസക്കാരുടെ അവകാശം സംരംക്ഷിക്കാനാണ് മുൻഗണന എന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും സമരത്തിൽ ഉറച്ചു നിൽക്കുകയാണ് മുനമ്പംകാർ. 

 

സമരം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് രാഷ്ട്രീയ കേരളം മുനമ്പത്ത് എത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരവേദിയിൽ എത്തി, ഇടതു വലതു പക്ഷങ്ങളെ വെല്ലുവിളിച്ചു. മുനമ്പത്തേക്ക് തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണമെന്ന് തീപ്പൊരി ഡയലോഗ്. 

തങ്ങളുടെ എംപിയും എംഎൽഎയും തിരിഞ്ഞു നോക്കിയില്ലെന്ന് പറയേണ്ടിവന്നു മുനമ്പത്തുകാർക്ക്. കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ഉൾപ്പെടെയുള്ളവർ പിന്നാലെ എത്തി. പിന്തുണ പ്രഖ്യാപിച്ച് കൂടുതലാളുകൾ എത്തിയതോടെ സമരത്തിന് കൂടുതൽ ഉശിരു വന്നു. സഭാ നേതൃത്വങ്ങളും സാമുദായിക നേതാക്കളും മുനമ്പത്തിന്‍റെ കണ്ണുനീർ നേരിട്ടറിഞ്ഞു.

സർക്കാർ വിളിച്ച യോഗത്തെ പ്രതീക്ഷയോടെ കണ്ട സമരക്കാർ യോഗത്തിന് തൊട്ടുപിന്നാലെ പന്തം കയ്യിലേന്തി പ്രകടനം നടത്തി. മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷൻ വരുമെന്ന തീരുമാനം ദഹിക്കാത്തതായിരുന്നു കാരണം. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെ ജുഡീഷ്യൽ കമ്മീഷനെ വിശ്വസിക്കാം എന്നായി. 

മുനമ്പത്തെ സംബന്ധിച്ച് മൂന്നുമാസം വലിയ കാലയളവാണെന്നും മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. നിരാഹാര സമരം നിർത്താൻ മുഖ്യമന്ത്രി പറഞ്ഞപ്പോൾ മറുപടി നോ എന്നായിരുന്നു. ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചത് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ് സർക്കാർ. അപ്പോഴും ദൃഢനിശ്ചയത്തോടെ മുനമ്പത്ത് ആ സമരക്കാർ ഇരിപ്പുണ്ട്. 

ഇപ്പോൾ എത്ര കണ്ണീർ കടലുകൾ താണ്ടേണ്ടി വന്നാലും, വലനിറയെ സന്തോഷവും ആശ്വാസവും ആയിട്ടേ സമരപ്പന്തലിൽ നിന്ന് വീട്ടിലേക്കവർ മടങ്ങുകയുള്ളൂ.  

ENGLISH SUMMARY:

Protest on Munambam Waqf land reaches 50th day.