രാത്രികാലത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ തുറന്നു കാട്ടി വനിതാ കമ്മീഷന്‍. സത്രീകളുടെ അടിസ്ഥാന,താമസ സൗകര്യ പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, രാത്രികാല ജോലിയുടെ ദൈര്‍ഘ്യം, മാനസിക സമ്മര്‍ദം, സുരക്ഷിതത്വ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ 15 പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

ആതുര സേവനം, ഗതാഗതം, ഐ ടി , മാധ്യമം, വ്യാപാരം എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വേർതിരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്

സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും തൊഴിലിടങ്ങളില്‍ മാനസിക പിരിമുറുക്കം നേരിടുന്നെന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തിന്‍റെ പിന്തുണ ലഭിക്കുന്നില്ലെന്നും, തൊഴിലിടങ്ങളില്‍ വിവേചനം നേരിടുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. തൊഴില്‍ സ്ഥിരതയില്ലായ്മ, യാത്രകളിലെ സുരക്ഷിതത്വ പ്രശ്നം എന്നിവയും സ്ത്രീകള്‍ നേരിടുന്നതായി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശിശുസംരക്ഷണ സൗകര്യങ്ങളുടെ ലഭ്യതക്കുറവും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിഗണനക്കുറവും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍

ശിശുപരിപാലന അവധിയുടെ കാലാവധി ഒരു വർഷമായി ദീർഘിപ്പിക്കണമെന്നും ശിശുപരിപാലന അവധി എല്ലാ ഗവൺമെൻ്റിതര മേഖലകളിലും ഉൾപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. 'ഡേ കെയർ സെൻ്റർ' പോലെ 'നൈറ്റ് കെയർ സെൻ്റർ' എത്രയും വേഗം ആരംഭിക്കണമെന്നും രാത്രികാലങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ കുട്ടികൾക്ക് 'നൈറ്റ് കെയർ സെൻ്ററുകൾ' പൂർണസംരക്ഷണം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രികാല ജോലിയിലേർപ്പെടുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന തിനായി സ്ഥാപനങ്ങളിൽ CCTV സംവിധാനം സ്ഥാപിക്കുക, രാത്രികാല ജോലികളിലേര്‍പ്പെടുന്ന സ്ത്രീകളുടെ യാത്രാസൗകര്യത്തിനായുള്ള വാഹനങ്ങളിൽ GPS സംവിധാനങ്ങൾ ഏർപ്പെടുത്തണം സ്ത്രീകൾക്ക് പ്രത്യേക ഡ്യൂട്ടി റൂമുകൾ സജ്ജമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്.

സ്ത്രീകളുടെ അവകാശങ്ങൾ, സ്ത്രീപരിരക്ഷാനിയമങ്ങൾ, സ്ത്രീകളോടുള്ള പെരുമാറ്റ മര്യാദ തുടങ്ങിയവ രേഖപ്പെടുത്തിയ ചാർട്ട് എല്ലാ സ്ഥാപനങ്ങളിലും പൊതുജനങ്ങൾ കാണുന്നവിധം പ്രദർശിപ്പിക്കണം. രാത്രികാലങ്ങളിൽ ജോലിചെയ്യേണ്ട മേഖലകളിൽ പുതുതായി ജോലി യിൽ പ്രവേശിക്കുന്ന സ്ത്രീകൾക്കായി ഒരാഴ്‌ച നീണ്ടുനിൽക്കുന്ന പരി ശീലനം സംഘടിപ്പിക്കണം. ഈ പരിശീലനത്തിൽ ജോലിയുടെ സ്വഭാവം, രാത്രിജോലിയിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കേണ്ടതായ മുൻകരു തലുകൾ എന്നിവ ഉൾപ്പെടുത്തണം.

ഇതുകൂടാതെ പ്രധാനമായും കുടും ബാംഗങ്ങൾക്കുള്ള അവബോധ ക്ലാസ്സുകൾ, സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധപരിശീലന ക്ലാസ്സുകൾ എന്നിവ തീർച്ചയായും ഉൾപ്പെടുത്തിയിരിക്കണം തുടങ്ങി 24 നിര്‍ദേശങ്ങളാണ് പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്‍പില്‍ വെച്ചിട്ടുള്ളത്.

ENGLISH SUMMARY:

Kerala Women's Commission Submitted Study Report To Kerala Government