ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലും കേരളത്തിന് പുറത്തുപോകരുതെന്ന ഉപാധിയോടെയുമാണ് വിട്ടയച്ചത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് വീണ്ടും കോടതിയില്‍ അറിയിച്ചു.
മൂന്നാം തവണയാണ് സിദിഖ് തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അന്വേഷണസംഘത്തിന് മുന്നിലെത്തുന്നത്. സുപ്രീംകോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു ഇന്ന് രാവിലത്തെ വരവ്. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പൊലീസ് ജീപ്പില്‍ പൊലീസുകാര്‍ക്ക് നടുവിലിരുന്ന് വൈദ്യപരിശോധന.
വഞ്ചിയൂരിലെ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോളും സിദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന പതിവ് ആരോപണം പൊലീസ് ആവര്‍ത്തിച്ചു. അതുകൊണ്ട് കര്‍ശന ഉപാധികളോടെ വേണം ജാമ്യം നല്‍കാനെന്നും നിര്‍ദേശം. കേരളം വിടരുത്, പാസ്പോര്‍ട് ഹാജരാക്കണം, പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യരുത് . സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം–ഇത്രയും ഉപാധികളോടെയാണ് ജാമ്യം.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. 2016ലെ സംഭവത്തില്‍ എട്ട് വര്‍ഷം കഴിഞ്ഞ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പരാതി നല്‍കിയതിലടക്കം സംശയം പ്രകടിപ്പിച്ചാണ് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.