നടന്‍ ദിലീപിനു ശബരിമലയില്‍ ദര്‍ശനത്തിനു വി.ഐ.പി പരിഗണന കിട്ടിയതെങ്ങനെയന്നു ഹൈക്കോടതി. പരാമര്‍ശത്തിനു പിന്നാലെ വി.ഐ.പി പരിഗണന കിട്ടിയോയെന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം തുടങ്ങി. വിജിലന്‍സ് എസ്.പിക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം ഹരിവരാസനം പാടി നടയടയ്ക്കുന്ന സമയത്താണ് നടന്‍ ദിലീപ് ദര്‍ശനത്തിനായി എത്തിയത്.
ഇന്നലെ 10.45 നു സന്നിധാനത്തെത്തിയ ദിലീപ് ഹരിവരാസനത്തിനു തൊട്ടുമുന്‍പാണ് സോപാനത്തേക്ക് എത്തിയത്. ഹരിവരാസനം തീരുന്നതു വരെ മുന്‍നിരയില്‍ തന്നെ നിന്ന ദിലീപ് അതിനുശേേഷം തൊഴുതു മടങ്ങുകയായിരുന്നു. ഇതാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. മറ്റുള്ള ആളുകളുടെ ദര്‍ശനം മുടങ്ങിയില്ലേയെന്നാരാഞ്ഞ കോടതി ദര്‍ശനം കിട്ടാത്തവര്‍ ആരോടു പരാതി പറയുമെന്നും ചോദിച്ചു. തിങ്കളാഴ്ച വിശദ റിപ്പോര്‍ട് നല്‍കാനും ആവശ്യപ്പെട്ടു.
ഇതിനു പിന്നാലെയാണ് അന്വേഷിച്ച് റിപ്പോര്‍ട് നല്‍കാന്‍ എസ്.പിയോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ നാളെത്തന്നെ ഹൈക്കോടതിക്ക് കൈമാറിയേക്കും. അതേസമയം ദിലീപിനു പുറമേ ജുഡീഷ്യറിയിലെ പ്രമുഖരും സന്നിധാനത്തുണ്ടായിരുന്നു. ദീപാരാധന , ഹരിവരാസന സമയത്തുണ്ടായിരുന്ന ഇവരുടെ വിവരങ്ങള്‍ കൂടി ഹൈക്കോടതിയെ ധരിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ നീക്കം.