മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തില്‍ ആശങ്കവേണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന്‍. പുനരധിവാസത്തിനായി ആദ്യം കണ്ടെത്തിയ സ്ഥലം നിയമക്കുരുക്കിലാണെന്നും പുതിയ സ്ഥലം വൈകില്ലെന്നും മന്ത്രി മനോരമന്യൂസ് ലൈവത്തണില്‍ പറഞ്ഞു. സ്ഥലം കണ്ടെത്തുന്നതിലും വീട് നിര്‍മിക്കുന്നതിലും അതുവരെയുള്ള വാടകയിലും ഒരാശങ്കയും വേണ്ട. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി നല്ല ശ്രദ്ധ കൊടുത്തു. അതിനാല്‍ തന്നെ സമയവുമെടുത്തു. സമീപപ്രദേശങ്ങളില്‍ തന്നെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ദുരന്തബാധിതര്‍ മുന്നോട്ടുവച്ചിരുന്നു . ഡിസൈനടക്കം തയ്യാറായി വരികയാണ്. എല്ലാ നടപടിക്രമങ്ങളും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ലോകത്തിന് മുന്നില്‍ മാതൃകയാകുന്ന രീതിയില്‍ പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതര്‍ക്ക് പ്രതിദിനം 300 രൂപയെന്ന നിലയില്‍ കൈമാറിയിരുന്ന പണം മൂന്നുമാസത്തെ കണക്കില്‍ നല്‍കുമെന്നും കുടിശ്ശിക വൈകാതെ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. പണം മുടങ്ങിക്കിടക്കുകയാണെന്ന് നാട്ടുകാര്‍ മനോരമന്യൂസ് ലൈവത്തണില്‍ വെളിപ്പെടുത്തിയിരുന്നു. ദുരന്തമേഖലയില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹ ഭാഗങ്ങള്‍ ഈയിടെ കണ്ടെത്തിയിരുന്നു. ഡിഎന്‍എ ഫലം വേഗത്തിലാക്കാന്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു