സ്മാര്‍ട് സിറ്റിക്ക് പരിസ്ഥിതിസൗഹൃദമായ ഗ്രീന്‍ കെട്ടിടങ്ങള്‍ക്കുള്ള 'ലീഡ്' അംഗീകാരമുണ്ടെന്ന് ടീകോം തെറ്റിദ്ധരിപ്പിച്ചതിന്‍റെ രേഖകള്‍ മനോരമ ന്യൂസിന്. സ്മാര്‍ട് സിറ്റിയുടെയും കെ.എസ്.ഐ.ഡി.സിയുടെയും വെബ്സറ്റുകളില്‍ ലീഡ് സര്‍ട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് പിന്നാലെ വെബ്സൈറ്റില്‍ നിന്ന് വിവരം നീക്കം ചെയ്തു.
പരിസ്ഥിതിസൗഹൃദമായ ഗ്രീന്‍ കെട്ടിടങ്ങള്‍ക്കുള്ള 'ലീഡ്' അംഗീകാരമുണ്ടെന്ന് ടീകോം തെറ്റിദ്ധരിപ്പിച്ചതിന്റെ തെളിവ് പുറത്ത്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോമിന്‍റെ തുടക്കം മുതലുള്ള കള്ളക്കളി പുറത്ത്.
ഉയര്‍ന്ന ഗുണനിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ കെട്ടിടങ്ങള്‍ക്കാണ് യു.എസിലെ ഗ്രീന്‍ ബിസിനസ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍കോര്‍പറേഷന്റെ ലീഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന ലീഡ് സര്‍ട്ടിഫിക്കേഷനായ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ സ്മാര്‍ട്ട് സിറ്റിക്ക് ഉണ്ടെന്നാണ് ടീകോം അവകാശപ്പെട്ടത്. സ്മാര്‍ട്ട് സിറ്റിയുടെയും KSIDC യുടെയും വെബ് സൈറ്റുകളില്‍ ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അംഗീകാരത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു 2021ല്‍ ഇത് സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് KSIDC യുടെ മറുപടി.
വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരാത്തതിനാല്‍ മറുപടി പറയാനില്ലെന്ന് സ്മാര്‍ട്ട് സിറ്റിയും സ്റ്റാര്‍ട്ട് അപ് കമ്പനി ഉടമ നല്‍കിയ വിവരാവകാശചോദ്യത്തിന് മറുപടി നല്‍കി. പിന്നാലെ യു.എസിലെ ഗ്രീന്‍ ബിസിനസ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍കോര്‍പറേഷനെ ബന്ധപ്പെട്ടപ്പോഴാണ് ടീകോമിന്‍റെ കള്ളക്കളി പുറത്താകുന്നത്. സ്മാര്‍ട്ട് സിറ്റിക്ക് ലീഡ് സര്‍ട്ടിഫിക്കേഷന്‍ ഇല്ലെന്നും, സര്‍ട്ടിഫിക്കേഷനായി അപേക്ഷിച്ചിട്ടുപോലും ഇല്ലെന്നും മറുപടി ലഭിച്ചു. വിവരാവകാശ ചോദ്യത്തിനും ഗ്രീന്‍ ബിസിനസ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍കോര്‍പറേഷന്‍റെ ഇടപെടലിനും പിന്നാലെ വെബ്സൈറ്റുകളിലെ അവകാശവാദം ടീകോം പിന്‍വലിച്ചു. ലീഡ് സര്‍ട്ടിഫിക്കേഷനില്‍ ടീകോം തെറ്റിധരിപ്പിച്ചതാണോ അതോ അറിഞ്ഞിട്ടും സര്‍ക്കാര്‍ കണ്ണടച്ചതാണോ എന്നാണ് ഇനി അറിയേണ്ടത്. ഒരു ലക്ഷത്തിലധികം കമ്പനികളാണ് യു.എസിലെ ഗ്രീന്‍ ബിസിനസ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍കോര്‍പറേഷന്റെ ലീഡ് സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുന്നത്.