തലസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 33 കോടിയുടെ അഴിമതിയെന്ന് ആക്ഷേപം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സോളര്‍ പ്ളാന്റ് സ്ഥാപിക്കുന്ന പദ്ധതിയില്‍ അനര്‍ട്ട് അഴിമതി നടത്തിയതെന്ന് രേഖകള്‍ പുറത്തുവിട്ട് എം.വിന്‍സന്റ് എം.എല്‍എ ആരോപിച്ചു. ടെന്‍ഡര്‍ നടപടികളില്‍ തിരിമറിക്കായി വിരമിച്ച ഉദ്യേഗസ്ഥന്റെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചു. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അറിവോടെയാണ് അഴിമതിയെന്നും വിന്‍സന്റ് ആരോപിച്ചു.
തലസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പുതിയ അഴിമതി ആരോപണം. ടൈറ്റാനിയം പോലുള്ള പൊതുമേഖലാ കമ്പനികള്‍ മുതല്‍ അംഗണവാടികള്‍ വരെയുള്ള 514 കെട്ടിടങ്ങളില്‍ സോളര്‍ പ്ളാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയിലാണ് അഴിമതി ആരോപണം ഉയരുന്നത്. എം.വിന്‍സന്റ് എം.എല്‍എ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത് ടെന്‍ഡറിലെ വന്‍ ക്രമക്കേടാണ്.
പദ്ധതിക്കുള്ള മുഴുവന്‍ ഫണ്ടും തിരുവനന്തപുരം കോര്‍പ്പറേഷന് അനുവദിക്കുന്നത് കേന്ദ്രമാണ്. ഇത് അനര്‍ട്ടിന് നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്രമവിരുദ്ധായി ടെന്‍ഡര്‍ നടപടികള്‍ അനര്‍ട്ട് പൂര്‍ത്തിയാക്കിയതെന്ന് എം.വിന്‍സന്റ് ആരോപിച്ചു. ഓഗസ്റ്റില്‍ വിരമിച്ച പര്‍ച്ചേസ് മാനേജര്‍ ആരോഗ്യദാസിന്റെ ഒപ്പ് ടെന്‍ഡറിനായി നവംബറിലും ഉപയോഗിച്ചു.
അനര്‍ട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെല്ലൂരിയുടെ നേതൃത്വത്തിലുള്ള അഴിമതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അറിവോടെയാണെന്നും വിന്‍സന്റ് ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കും ഭരണസംവിധാനത്തിനും പള്ളവീര്‍പ്പിക്കാനുള്ള പദ്ധതിയാണ് തലസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റി നേരത്തെ വെളിപ്പെട്ടതാണ്. പുതിയ ആരോപണത്തില്‍ ഇനി വിശദീകരിക്കേണ്ടത് അനര്‍ട്ടും കോര്‍പ്പറേഷനും മന്ത്രിയുമാണ്.