prasanth

കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്ത് അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരായ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഔദ്യോഗിക കാര്യങ്ങള്‍ ദുരുപയോഗം ചെയ്തെന്ന് ചീഫ് സെക്രട്ടറി. പ്രശാന്തിന് നല്‍കിയ കുറ്റാരോപണ മെമ്മോയിലാണ് ഗുരുതര പരാമര്‍ശങ്ങള്‍. ഉത്തരവാദിത്തമോ സത്യസന്ധതയോ വിശ്വാസ്യതയോ പ്രശാന്ത് പുലര്‍ത്തിയില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. 

എ.ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പടനയിച്ച് സസ്പെന്‍ഷനിലായ പ്രശാന്തിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ചീഫ് സെക്രട്ടറി നല്‍കിയ കുറ്റാരോപണ മെമ്മോയിലുള്ളത്. കര്‍ഷകനല്ലേ കള പറിക്കാന്‍ ഇറങ്ങിയതാണെന്ന തലക്കെട്ടുള്ള കാംകോയുടെ പരസ്യം ഫേസ്ബുക്കിലിട്ടത് പോലും ഗൂഡലക്ഷ്യത്തോടെയാണന്ന് കുറ്റപ്പെടുത്തി തുടങ്ങുന്ന മെമ്മോയില്‍ അച്ചടക്കലംഘനങ്ങള്‍ അക്കമിട്ട് നിരത്തുന്നു. സസ്പെന്‍ഷനിലായിട്ടും മാധ്യമങ്ങളിലൂടെ പരസ്യവിമര്‍ശനം നടത്തി പ്രശാന്ത് അച്ചടക്കലംഘനം തുടരുകയാണ്. 

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ശ്രദ്ധനേടുകയാണ് ലക്ഷ്യം. ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ അടിസ്ഥാന രഹിത ആരോപണങ്ങളുന്നയിച്ച് മുഴുവന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെയും സംശയനിഴലിലാക്കി. അതുവഴി സര്‍ക്കാരിന്റെയും ഭരണസംവിധാനത്തിന്റെയും പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചു. 

ഉദ്യോഗസ്ഥനെന്ന നിലയില്‍ പാലിക്കേണ്ട സത്യസന്ധതയും ഉത്തരവാദിത്തവും വിശ്വാസ്യതയും പുലര്‍ത്തിയില്ലന്ന കടുത്ത പരാമര്‍ശത്തോടെയാണ് ശാരദാ മുരളീധരന്‍ തയാറാക്കിയ കുറ്റാരോപണ മെമ്മോ അവസാനിക്കുന്നത്. തനിക്കെതിരായ സസ്പെന്‍ഷന്‍ തെറ്റാണെന്ന് പരസ്യമായി പറഞ്ഞിരുന്ന പ്രശാന്ത് നിയമപരമായി നേരിടുമെന്നും സൂചിപ്പിച്ചിരുന്നു. അതിനാല്‍ കുറ്റാരോപണ മെമ്മോയ്ക്ക് പിന്നാലെ നിയമപോരാട്ടത്തിലേക്ക് കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

ENGLISH SUMMARY:

Chief Secratary Memo Against N Prasanth IAs