മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി.ഡി.സതീശന്റെ നിലപാട് തള്ളിയും കെ.എം.ഷാജിയുടെ നിലപാട് ആവര്‍ത്തിച്ചും ഇ.ടി.മുഹമ്മദ് ബഷീര്‍. പ്രതിപക്ഷനേതാവല്ല, ആരുപറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ലെന്ന് ഇ.ടി ഡല്‍ഹിയില്‍ പറഞ്ഞു. എന്നാല്‍ വഖഫ് ഭൂമിയാണോ അല്ലയോ എന്നതല്ല പ്രശ്നമെന്നും പരിഹാരമാണ് വേണ്ടതെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും നിലപാടെടുത്തു.
പ്രശ്നപരിഹാരത്തിനുള്ള ലീഗിന്റെയും മുസ്‌ലിം സംഘടനകളുടെയും ശ്രമം മുന്നോട്ടുനീങ്ങുമ്പോഴായിരുന്നു പ്രതിപക്ഷനേതാവിന്റെ ഈ വാക്കുകള്‍. ആദ്യം കെ.എം.ഷാജിയും ഇപ്പോള്‍ ഇ.ടി.മുഹമ്മദ് ബഷീറും പാടേ തള്ളുകയാണ് ഈ നിലപാട്. വഖഫ് ഭൂമിയെന്ന സത്യം നിലനിര്‍ത്തി തന്നെ മുനമ്പത്തെ പ്രശ്നം പരിഹരിക്കണം.
ലീഗില്‍ ഇക്കാര്യത്തില്‍ ഭിന്നത ഇല്ലെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍. എന്നാല്‍, ചര്‍ച്ച വഷളാക്കാതെ വിഷയം പരിഹരിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തിടുക്കം. വഖഫ് ഭൂമി ആണ് എന്ന ചര്‍ച്ച ബി.ജെ.പിയെയും വിഷയം വൈകിപ്പിക്കുന്ന ഇടതുപക്ഷത്തെയും മാത്രമേ സഹായിക്കൂവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. പ്രശ്നപരിഹാരത്തിനായി മുന്നില്‍ നടക്കുന്ന ലീഗ് നേതൃത്വത്തിനെ വിഷമവൃത്തത്തിലാക്കുന്നതാണ് പുറത്തുവരുന്ന മറുനിലപാടുകള്‍.