മുനമ്പത്തെ ഭൂമി പ്രശ്നം പരിശോധിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജനുവരിയില്‍ ഹിയറിങ് ആരംഭിക്കും. കക്ഷികള്‍ക്ക് കമ്മിഷന്‍ നോട്ടിസ് അയച്ചു. രണ്ടാഴ്ച്ചയ്ക്കകം നിലപാട് അറിയിക്കണം.
മുനമ്പത്തെ ഭൂമി പ്രശ്നം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ വഖഫ് ബോര്‍ഡ്, വഖഫ് സംരക്ഷണ സമിതി, ഫറൂഖ് കോളേജ്, മുനമ്പം നിവാസികളുടെ പ്രതിനിധികള്‍ എന്നിവരോടാണ് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടത് അടക്കം വിവരങ്ങള്‍ കമ്മിഷനെ അറിയിക്കാം. രണ്ടാഴ്ച്ചയാണ് സമയപരിധി.
എറണാകുളം കലക്ട്രേറ്റില്‍ ജനുവരിയില്‍ കമ്മിഷന് ഹിയറിങ് ആരംഭിക്കും. ഭൂമിയുടെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ കമ്മിഷന്‍ പരിശോധിക്കും. ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും എങ്ങിനെ സംരക്ഷിക്കാം എന്ന് ശുപാര്‍ശ ചെയ്യണം.
അതിനായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളും ജുഡീഷ്യല്‍ കമ്മിഷന്‍ വ്യക്തമാക്കണമെന്നും സര്‍ക്കാരിന്‍റെ വിജ്ഞാപനം നിര്‍ദേശിക്കുന്നു. കമ്മിഷന്‍ ഭൂമിയുടെ സര്‍വേ നടത്തില്ല. പകരം ഭൂമിയുടെ രേഖകള്‍ പരിശോധിക്കും. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനോട് സര്‍ക്കാര്‍ നിദേശിച്ചിട്ടുള്ളത്.