കോട്ടയം ആർപ്പൂക്കരയില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ബുള്ളറ്റോടിച്ചിരുന്ന വില്ലുന്നി സ്വദേശി നിത്യ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. ഇരുപത് വയസ്സായിരുന്നു പ്രായം.
കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. ജിമ്മിൽ നിന്നും വീട്ടിലേക്ക് മടങ്ങുംവഴിയാണ് നിത്യ ഓടിച്ചിരുന്ന ബുള്ളറ്റിന്‍റെ നിയന്ത്രണം വിട്ടത്. വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതിനു പിന്നാലെ ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിച്ചതാണ് മരണത്തിന് കാരണമായത്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നിത്യയെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. രാത്രി 10 മണിയോടെ മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.