മാടായി കോളജ് നിയമന വിവാദത്തില്‍ കണ്ണൂര്‍ ഡി.സി.സിയും എം.കെ.രാഘവന്‍ എം.പിയും ഏറ്റുമുട്ടലിലേക്ക്. നിയമനത്തില്‍ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തിയ DCC അതൃപ്തി കെ.പി.സി.സിയെ രേഖാമൂലം അറിയിച്ചു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനമെന്നും പാർട്ടിക്കുള്ളിലെ ചിലർ നടത്തുന്ന നീക്കങ്ങളെ അതിജീവിക്കുമെന്നും എം.കെ.രാഘവന്‍ പ്രതികരിച്ചു.
മാടായി കോളജിലെ നാല് അനധ്യാപക തസ്തികളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ ഡി.സി.സിയും എം.കെ.രാഘവന്‍ എം.പിയും തമ്മില്‍ ഭിന്നത ഉടലെടുത്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് നിയമനം നല്‍കിയതില്‍ എം.പിക്ക് വീഴ്ചപറ്റിയെന്നും സാധ്യമായ നടപടികള്‍ എടുത്തുവെന്നും കെ.പി.സി.സിക്കയച്ച കത്തില്‍ ഡി.സി.സി. നേതൃത്വം വ്യക്തമാക്കി. ആരോപണങ്ങള്‍ തള്ളിയ എം.കെ.രാഘവന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയതെന്ന് പ്രതികരിച്ചു
കാര്യങ്ങളെല്ലാം DCC പ്രസിഡന്‍റിനെ അറിയിച്ചതാണ്. ഭരണസമിതി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യും മുന്‍പ് തന്നോട് കൂടിയാലോചിച്ചില്ല. നടപടി തിരുത്തുമെന്നാണ് പ്രതീക്ഷ. നിയമനം ലഭിക്കാത്ത ചിലരെ കോണ്‍ഗ്രസുകാര്‍തന്നെ ഇളക്കിവിട്ട് വ്യക്തിഹത്യ നടത്തുകയാണ് എന്നും എംകെ.രാഘവന്‍ സ്ഥാപനത്തെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്നും കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ വിട്ടുനല്‍കുമെന്നും എം.കെ.രാഘവന്‍ വ്യക്തമാക്കി