കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച നവദമ്പതികൾ അടക്കം ഒരു കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. 20 ദിവസം മുൻപ് വിവാഹം നടന്ന അതേപള്ളിയിലായിരുന്നു നവദമ്പതികളുടെയും അവരുടെ പിതാക്കന്മാരുടെയും സംസ്കാരം. നിഖിലിന്റെയും അനുവിന്റെയും മൃതദേഹം ഒരു കല്ലറയിലാണ് സംസ്കരിച്ചത്. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.
കോന്നി മല്ലശ്ശേരി സ്വദേശികളായ നിഖിൽ ഈപ്പൻ, ഭാര്യ അനു, അനുവിന്റെ പിതാവ് ബിജു ജോർജ്, നിഖിലിന്റെ പിതാവ് ഈപ്പൻ മത്തായി എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്.
20 ദിവസം മുൻപ് അനുവിന്റെയും നിഖിലിൻ്റേയും വിവാഹം നടന്ന പൂങ്കാവ് സെൻ്റ്മേരിസ് മലങ്കര കത്തോലിക്ക പള്ളിയിലായിരുന്നു പൊതുദർശനവും സംസ്കാരവും.
വിവാഹത്തിന് കാർമികത്വം വഹിച്ച അതേ വൈദികർ തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അന്ന് ആനന്ദത്തോടെ വിവാഹത്തിൽ പങ്കെടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തന്നെ ഇന്ന് കണ്ണീരോടെ സംസ്കാരത്തിലും പങ്കെടുത്തു.
ആദ്യം അനുവിന്റെ വീട്ടിലേക്കാണ് എത്തിച്ചത്. ഭർത്താവിൻ്റെയും മകളുടെയും മരുമകൻ്റെയും മൃതദേഹങ്ങൾ കണ്ട അമ്മ അലമുററയിട്ടു. തുടർന്ന് നിഖിലിന്റെ വീട്ടിലും പൊതുദർശനം. എട്ടുമണിയോടെ പള്ളിയിൽ തുടങ്ങിയ പൊതുദർശനത്തിലേക്ക് നാടാകെ ഒഴുകിയെത്തി. മന്ത്രി വീണ ജോർജ് അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ സെമിത്തേരിയിൽ സംസ്കാരം നടത്തി. നിഖില്‍ അനു, ഈപ്പൻ മത്തായി എന്നിവരുടെ മൃതദേഹങ്ങൾ ഒരു കല്ലറയിലും ബിജു ജോർജിന്റെ മൃതദേഹം അദ്ദേഹത്തിൻ്റെ കുടുംബകല്ലറയിലും സംസ്കരിച്ചു.
എട്ടുവർഷത്തെ പ്രണയത്തിനുശേഷം ആയിരുന്നു കഴിഞ്ഞ 30ന് അനുവിന്റെയും നിഖിലിന്റെയും വിവാഹം. മലേഷ്യയിലെ മധുവിധു കഴിഞ്ഞ്, പിതാക്കന്മാർ കൂട്ടിക്കൊണ്ടു വരുമ്പോൾ പത്തനംതിട്ട പുനലൂർ മൂവാറ്റുപുഴ പാതയിൽ മുറിഞ്ഞകല്ലിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ആയിരുന്നു അപകടം.