ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്കേല്‍ക്കാന്‍ ഇടയായ മെഗാ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഒടുവില്‍ ഗതികെട്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തി. മുഖ്യസംഘാടകരോട് വ്യാഴാഴ്ച്ച കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സംഘാടകരുടെ തട്ടിപ്പ് കല്യാണ്‍ സില്‍ക്സും തുറന്നുകാട്ടി. പരിപാടിക്ക് അനുമതി വാങ്ങിയിരുന്നില്ലെന്നും നികുതി അടച്ചിട്ടില്ലെന്നും കൊച്ചി മേയര്‍ പറഞ്ഞു. അറസ്റ്റിലുള്ള പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സുരക്ഷാക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച്ച വരുത്തിയ സംഘാടകര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയില്‍ യുഡിഎഫ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ചുമത്തിയത് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീവഹാനിയുണ്ടാക്കാവുന്ന അനാസ്ഥ സംഘാടകരുടെ ഭാഗത്തുനിന്നുമുണ്ടായി എന്ന് വിലയിരുത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിനോടും ഒാസ്കര്‍ ഇവന്‍റ് മാനേജ്മെന്‍റ് പ്രൊപ്രൈറ്റര്‍ പി.എസ് ജനീഷ് എന്നിവരോട് വ്യാഴാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇരുവരെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വാദംകേള്‍ക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റിയ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണവും തേടി. പരിപാടിക്ക് അനുമതി വാങ്ങിയിരുന്നില്ലെന്നും നികുതി അടച്ചിട്ടില്ലെന്നും കൊച്ചി മേയര്‍ പറഞ്ഞു.
സംഘാടകരുമായുള്ളത് വാണിജ്യപരമായ ഇടപാട് മാത്രമാണെന്ന് കല്യാണ്‍ സില്‍ക്സ് വിശദീകരിച്ചു. 12,500 സാരികള്‍ക്ക് ഒാര്‍ഡര്‍ ലഭിച്ചു. സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകര്‍ക്ക് കൈമാറി. എന്നാല്‍ സാരി ഒന്നിന് 1600 രൂപ സംഘാടകര്‍ പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് ഈടാക്കി ചൂഷണം നടത്തിയെന്നും കല്യാണ്‍ സില്‍ക്സ് വിശദീകരിക്കുന്നു. വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വൈദ്യസഹായമുണ്ടായിരുന്നില്ലെന്ന് പൊലീസും, അഗ്നിരക്ഷാ സേനയും, പൊതു മരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശീലനം ലഭിക്കാത്തവരാണ് പരുക്കേറ്റ ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയത്. താൽക്കാലികമായി നിർമ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകർക്ക് സംഭവിച്ചത് ഗുരുതരപിഴവാണെന്നും കണ്ടെത്തി. സ്റ്റേഡിയം ബുക് ചെയ്ക ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി കെകെ പ്രെഡക്ഷന്‍സ് ഉടമ എം.ടി കൃഷ്ണകുമാര്‍, താല്‍ക്കാലിക വേദിയുടെ കരാറുകാരന്‍ വി.ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരാണ് നിലവില്‍ അറസ്റ്റിലുള്ളത് .