കട്ടപ്പനയിലെ നിക്ഷേപകന്‍റെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍.  സിപിഎം നയിക്കുന്ന ബാങ്കില്‍ സാബു നിക്ഷേപിച്ചത് നഷ്ടപ്പെടുമെന്ന് ഒാര്‍ത്തല്ല. തിരികെ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയോ അപനാമിക്കുകയോ അല്ല ചെയ്യേണ്ടത്. ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭരണസമിതിയുെട പക്വതയില്ലാത്ത പെരുമാറ്റമാണ്. എം.എം.മണിയുടെ പ്രസ്താവന സാബുവിനെ വീണ്ടും വീണ്ടും കൊല്ലുന്നുവെന്നും മര്യാദകേടിന് പരിധിയുണ്ട്, സാബുവിനെ വെറുതെവിടണമെന്നും കെ.കെ.ശിവരാമന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.  

ഇടുക്കി കട്ടപ്പനയിൽ സഹകരണ സംഘത്തിന് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഎൽഎ എംഎം മണി. ഇന്നലെ നടന്ന വിശദീകരണ യോഗത്തിൽ സാബുവിന്റെ മാനസികനില പരിശോധിക്കണമെന്നായിരുന്നു എം എം മണിയുടെ പരാമർശം. സാബുവിന്റെ നിക്ഷേപ തുക കട്ടപ്പന റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി അധികൃതർ കുടുംബത്തിന് തിരികെ നൽകി 

നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയെ തുടർന്ന് പ്രതിക്കൂട്ടിലായ സിപിഎം ന് തലവേദനയായിരിക്കുകയാണ് എംഎം മണിയുടെ അധിക്ഷേപ പരാമർശം. സാബുവിനെ ഭീഷണിപ്പെടുത്തിയ ജില്ലാ കമ്മിറ്റി അംഗം വി ആർ സജിക്കും പാർട്ടിക്കും മരണത്തിൽ പങ്കില്ലെന്നും എം എം മണി പറഞ്ഞു 

എംഎം മണിക്ക് മനോനില തെറ്റിയെന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആരോപണം.  നിക്ഷേപ തുക പലിശയും ചേർത്ത് 14,59,940 രൂപയാണ് റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുടുംബത്തിന് കൈ  മാറിയത്. 

ENGLISH SUMMARY:

M.M. Mani's statement is killing Sabu again; Says K.K.Sivaraman