താമരശേരിയിലെ ട്യൂഷന്‍ സെന്ററില്‍ രണ്ട് സ്കൂളുകളിലെ വിദ്യാര്‍ഥിസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയ നാല് വിദ്യാര്‍ഥികളെയും പിടികൂടാന്‍ പൊലീസ്. എന്നാല്‍ രക്ഷിതാക്കളെയും പ്രതി ചേര്‍ത്തില്ലെങ്കില്‍ പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രിയെ കാണുമെന്നും ഷഹബാസിന്‍റെ പിതാവ് മുഹമ്മദ് ഇഖ്ബാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഷഹബാസ് വധക്കേസില്‍ ഇതുവരെ പിടികൂടിയത് ആറ് പ്രതികളെ. പ്രായപൂര്‍ത്തിയാകാത്ത ഇവര്‍ നിലവില്‍ ജുവനൈല്‍ ഹോമിലാണ്. ഗൂഡാലോചന നടത്തിയ 4 കുട്ടികളെ കൂടിയാണ് ഇനി പിടികൂടാനുള്ളത്. പരീക്ഷ ആയതിനാല്‍ ആണ് പൊലിസ് ഇതുവരെ നടപടിയിലേയ്ക്ക് കടക്കാതിരുന്നത്. ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകള്‍ വിശദമായി പരിശോധിച്ച് ഗൂഡാലോചന നടത്തിയത് ആരൊക്കെയെന്ന് ഇതിനോടകം മനസിലായിട്ടുണ്ട്.
അതേസമയം നടപടികള്‍ വൈകുന്നതില്‍ കടുത്ത അതൃപ്തിയിലാണ് ഷഹബാസിന്‍റെ കുടുംബം. രക്ഷിതാക്കളെ പ്രതി ചേര്‍ക്കണമെന്ന് ആദ്യം മുതലേ ആവശ്യപ്പെടുന്നതാണ്. എന്നിട്ടും ഈ ആവശ്യം പൊലിസ് തള്ളി. തെളിവുകളടക്കം കൈമാറിയിട്ടും രക്ഷിതാക്കളെ പ്രതി ചേര്‍ക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം സംശയിക്കുന്നു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി കുടുംബം കൂടിക്കാഴ്ച്ച നടത്തും.