abin-varkey-speech-cpm-meeting

സിപിഎമ്മിന്‍റെ വേദിയില്‍ വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും അത്തരം കൊല ചെയ്തവരെ സംരക്ഷിക്കില്ലെന്ന് ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പറയാന്‍ തയാറാകണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. 

സി.പി.ഐ.എം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചുള്ള സെമിനാർ വേദിയിലായിരുന്നു അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം. പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം പങ്ക് വ്യക്തമാക്കി പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധി വന്നതിനു പിന്നാലെയാണ് അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം.നേതാക്കന്മാരുടെ നിർദ്ദേശം അനുസരിച്ചാണ് പോവാൻ തീരുമാനിച്ചതെന്നും പറയാനുള്ളത് ആ വേദിയിൽ തന്നെ പറയുകയും ചെയ്തിട്ടുണ്ടെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

അബിന്‍ വര്‍ക്കി സെമിനാറില്‍ പറഞ്ഞതിങ്ങനെ; 

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. ഇന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ രണ്ടു പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത്‍‍ലാലിന്‍റെയും കേസില്‍ വിധിയുണ്ടായത്.  ആ വിധിയില്‍ പറയുന്നത് കൃത്യം ഒന്നു മുതല്‍ പത്തുവരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും മറ്റ് പ്രതികള്‍ക്ക് ജീവപര്യന്തവുമാണ്. കേസ് നടക്കട്ടെ, പക്ഷേ ഈ കൊലപാതകം നടത്തിയവരെ രക്ഷിക്കില്ലെന്ന് ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പറയാന്‍ തയാറാകണം. പ്ലാന്‍ ചെയ്ത് പദ്ധതിയിട്ട് കാത്തിരുന്ന് കൊലപ്പെടുത്തുന്ന രാഷ്ട്രീയ സംസ്കാരം ഈ രാജ്യത്തിന് ഭൂഷണമാണോയെന്ന് നമ്മള്‍ ചിന്തിക്കണം.