ഡി.സി.സി ട്രഷറർ എൻ.എം വിജയന്‍റെ കുടുംബത്തെ കണ്ട് രംഗം തണുപ്പിച്ച് കോൺഗ്രസ് നേതാക്കൾ. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കെപിസിസി അന്വേഷണ സമിതിയാണ് ഉച്ചയോടെ എൻ.എം വിജയന്‍റെ വീട്ടിലെത്തി സംസാരിച്ചത്. പ്രശ്നം പരിഹരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പു നൽകിയെന്നും പാർട്ടിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും കുടുംബം പ്രതികരിച്ചു. അതേസമയം ബാങ്ക് നിയമന കോഴയിൽ എൻ എം വിജയനടക്കം 5 കോൺഗ്രസ് നേതാക്കൾക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തു.
എൻ എം വിജയന്‍റെ ആത്മഹത്യയോടെ പുൽപ്പള്ളി സ്വദേശി സായൂജ്, താളൂർ സ്വദേശി പത്രോസ് എന്നിവർ നൽകിയ പരാതിയിലാണ് എൻ. എം വിജയൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പ്രതി ചേർത്ത് ബത്തേരി പൊലീസ് കേസെടുത്തത് ബത്തേരി അർബൻ ബാങ്കിൽ ജോലി നൽകാമെന്ന വാഗ്ദാനത്തിൽ 11 ഉം 22 ലക്ഷം വാങ്ങി വഞ്ചിച്ചെന്നായിരുന്നു പരാതി. കോൺഗ്രസ് നേതാക്കളായ യുകെ പ്രേമൻ, സി ടി ചന്ദ്രൻ, മണ്ണിൽ സക്കറിയ, ജോർജ് കുര്യൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
അതിനിടെ എൻ.എം വിജയന്‍റെ ആത്മഹത്യയെ പറ്റി അന്വേഷിക്കാൻ കെ.പി.സി.സി സമിതി വയനാട്ടിലെത്തി. സംഭവത്തിൽ ആരോപണ വിധേയരായ നേതാക്കളെ ഡി.സി.സി ഓഫിസിൽ കണ്ട ശേഷം സമിതി അംഗങ്ങൾ എൻ.എം വിജയന്റെ വീടു സന്ദർശിച്ചു. കുടുംബവുമയി സംസാരിച്ചു. കുടുംബവുമായുള്ള പ്രശ്നം പരിഹരിച്ചെന്ന് സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രശനം പരിഹരിക്കാമെന്ന് നേതാക്കൾ ഉറപ്പു നൽകിയെന്നും പാർട്ടിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും കുടുംബത്തിന്റെ പ്രതികരണം കെപിസിസിയുടെ അന്വേഷണം പ്രഹസനമാണെന്നും മുമ്പും ഇതുപോലെ അന്വേഷണം നടത്തി കുറ്റക്കാർക്കൊപ്പം നിൽക്കുകയാണ് ചെയ്തതെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. അതേ സമയം എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ആരോപണ വിധേയനായ ഐ.സി. ബാലകൃഷ്ണനെതിരെ നിലവിൽ പാർട്ടി നടപടി എടുക്കില്ല. സംരക്ഷണം നൽകും. അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചായിരിക്കും കെപിസിസിയുടെ തുടർനീക്കം..