നടി ഹണി റോസിന്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ. ബോബിക്കെതിരായ കേസ് പ്രാഥമികമായി നിലനിൽക്കും എന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ഹണി റോസിന്റെ പരാതിയിൽ കേസെടുത്ത് നാൽപ്പത്തിയെട്ടാം മണിക്കൂറിലാണ് ബോബി ചെമ്മണ്ണൂർ കാക്കനാട് ജില്ലാ ജയിലിലേക്ക് എത്തുന്നത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷയിലും വാദം നടന്നു. കുറ്റം ചെയ്തിട്ടില്ലെന്നും, കുന്തിദേവി എന്ന തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു എന്നും ബോബി വാദിച്ചു. എന്നാൽ ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു.
ജാമ്യം നൽകുന്നത് സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനം നൽകും. സമാന കുറ്റകൃത്യം പ്രതി ആവർത്തിക്കുമെന്നും, പരാതിക്കാരിയുടെ ജീവൻ അപായപ്പെടുത്താൻ വരെ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ വാദം. ഈ വാദം അംഗീകരിച്ച കോടതി, ബോബിക് ജാമ്യം നിഷേധിക്കുകയും, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ഹണി റോസിനെതിരെയുള്ള ബോബി ചെമ്മണ്ണൂരിന്റെ കുന്തിദേവി പരാമർശം ലൈംഗിക അധിക്ഷേപമെന്ന് കോടതി വിലയിരുത്തി. അഭിനന്ദനത്തിന്റെ രൂപത്തിൽ അധിക്ഷേപം സമർത്ഥമായി ഒളിച്ചുകടത്തി. പ്രതി കുറ്റം ചെയ്തുവെന്ന് പ്രാഥമികമായി ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞു. പരാതിക്കാരിയെ പ്രതി അനുമതിയില്ലാതെ കടന്നുപിടിച്ച് പരാമർശങ്ങൾ നടത്തി. ഈ പരാമർശങ്ങൾ അശ്ലീലചുവയുള്ളതാണെന്ന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടുവെന്നും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലുണ്ട്.
ഉത്തരവ് കേട്ട ബോബി ചെമ്മണ്ണൂർ കോടതിയിൽ തലകറങ്ങി വീണു. എന്നാൽ ജനറൽ ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ ആരോഗ്യനില തൃപ്തികരം എന്ന് വ്യക്തമായി. തുടർന്ന് ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് എത്തിച്ചു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ബോബി ചെമ്മണ്ണൂരിൻ്റെ അഭിഭാഷകർ വ്യക്തമാക്കി. നാളെത്തന്നെ ഹർജി ഹൈക്കോടതിയുടെ പരിഗണനക്ക് എത്തിക്കാനാണ് ശ്രമം.