കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി.അശോകിനെ കമ്മിഷൻ തലപ്പത്തേക്ക്  മാറ്റിയത് ഐ.എ.എസ് നടപടി ചട്ടങ്ങൾ മറികടന്ന്. സ്ഥാനചലനം സർക്കാർ തീരുമാനങ്ങളെ എതിർക്കുന്ന ഉദ്യോഗസ്ഥർക്കുള്ള താക്കീതെന്നും സൂചന. സർക്കാരിനൊപ്പം നിൽക്കുന്ന ഒരു വിഭാഗം മുതിർന്ന  ഐ.എ.എസ് ഉദ്യോഗസ്ഥരാണ് എല്ലാം തീരുമാനിക്കുന്നതെന്നാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ ഭരണ പരിഷ്കരണ കമ്മിഷന്റെ ചുമതല ബി.അശോക് ഏറ്റെടുത്തേക്കില്ല. 

ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രകടമായും രണ്ട് ചേരിയിലായി. സർക്കാരിന്‍റെ എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിൽക്കുന്നവരും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരും എന്നിങ്ങനെയാണ് രണ്ടു വിഭാഗങ്ങൾ എന്നാണ് അസോസിയേഷനിലെ അടക്കം പറച്ചിൽ. സർക്കാരിനൊപ്പം നിൽക്കുന്നവർക്ക് സുപ്രധാന പദവികളെല്ലാം കിട്ടുന്നു.ആറു വർഷത്തിനിടെ രണ്ടു വർഷം പദവിയിൽ തുടർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ 17 പേർ മാത്രമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അശോകിൻ്റെ സ്ഥാനചലനവും സർക്കാരിനെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതാണെന്നു പറയുന്നു. ഡപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ നിയമിക്കണമെങ്കിൽ അവരുടെ അനുവാദം കൂടി വാങ്ങണം. അശോകിന്റെ അനുവാദം വാങ്ങുകയോ വകുപ്പിനെ അറിയിക്കുകയോ ചെയ്യാതെയായിരുന്നു കൃഷിവകുപ്പിൽ നിന്നുള്ള മാറ്റം. ഇക്കാര്യത്തിൽ ട്രിബ്യൂണലിനെ സമീപിക്കാനും അശോക് നീങ്ങുന്നതായി സൂചനയുണ്ട്.തൽക്കാലം അദ്ദേഹം തദ്ദേശ ഭരണ പരിഷ്കരണ കമ്മിഷന്റെ ചുമതല ഏറ്റെടുത്തേക്കില്ല. ഇതു വരെ രുപീകരിക്കുകയോ പരിഗണന വിഷയങ്ങളോ ഇല്ലാത്ത കമ്മിഷൻ തലപ്പത്തേക്ക് മാറ്റിക്കൊണ്ടുള്ള തീരുമാനം പക പോക്കലാണെന്നും  ഒരു വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു

ENGLISH SUMMARY:

The transfer of B. Ashoka from the position of Principal Secretary of the Agriculture Department to the head of the Commission was in violation of IAS service rules