നൂറോളം വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി സർജൻമാരും ഉറക്കമൊഴിച്ച് തിരയുന്നതിനിടെയാണ് കടുവ വീണ്ടുമെത്തിയത്. ഇന്നലെ ആടിനെ കൊന്ന ഊട്ടികവലയിൽ നിന്ന് ഒരു കിലോ മീറ്റർ മാറി തൂപ്രയിലെത്തി, അംഗൻവാടിക്കു സമീപം ചന്ദ്രന്റെ ആടിനെ കടിച്ചു കൊന്നു. ഇതടക്കം 9 ദിവസത്തിനിടെ കടുവ വകവരുത്തിയത് 5 ആടുകളെ.
രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് കടുവയുടെ വിഹാരം. പകൽ സമയം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു പൊന്തകാടുകളിൽ ഒളിച്ചിരിക്കും. രാത്രിയോ പുലർച്ചെ സമയമോ വീടുകളിലെത്തും. ശബ്ദം കേട്ട് പുറത്തിറങ്ങുന്ന വീട്ടുകാർ കാണുക വളർത്തു മൃഗങ്ങളെ കൊന്ന് ഭക്ഷിക്കുന്ന കടുവയെ. അതിനിടെ ഇന്ന് രാവിലെ പുല്ലരിയാൻ ചെന്ന വെള്ളക്കെട്ട് സ്വദേശികൾക്ക് മുന്നിലും കടുവ പ്രത്യക്ഷപ്പെട്ടു. അൽഭുതകരമായാണ് രക്ഷപ്പെട്ടത്..
പറ്റാവുന്നത്ര സംവിധാനങ്ങൾ ഉപയോഗിച്ചാണ് വനം വകുപ്പിന്റെ തിരച്ചിൽ. രാവും പകലും തിരയുന്നുണ്ടെങ്കിലും കടുവ തന്ത്രപരമായി രക്ഷപ്പെടുന്നതാണ് കാഴ്ച. നാലു കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവ അകപ്പെടുന്നില്ല. ഇന്നലെ കൂടിനടുത്തു വരേ എത്തിയെങ്കിലും പന്തികേട് തോന്നി ഓടിമാറി. കടുവയെ തേടി ഡ്രോണുകൾ പറക്കുന്നുണ്ടെങ്കിലും സ്പോട്ട് ചെയ്യാനാവത്തതും വെല്ലുവിളിയാണ്. കൺമുന്നിൽ കണ്ടാൽ ഉടൻ മയക്കു വെടി വെക്കാനാണ് തീരുമാനം.