കല്ലറ തുറന്ന് പരിശോധിച്ചിട്ടും നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു. മരണകാരണം അറിയാൻ ആന്തരികാവയവ സാംപിളുകളുടെ പരിശോധനാഫലം വരെ കാത്തിരിക്കണം. തലയില്‍ കരുവാളിച്ച പാടുകളുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പൊലീസിന്‍റെ പഴുതടച്ച സുരക്ഷയിൽ രാവിലെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇരുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്‍റെ കഴുത്തുവരെ പൂജാദ്രവ്യങ്ങൾ ആയിരുന്നു.

Read Also: എതിര്‍പ്പില്ല, പ്രതിഷേധമില്ല; കുടുംബത്തെ അനുനയിപ്പിച്ചത് ഇങ്ങനെ

നേരം വെളുക്കും മുമ്പേ വിവാദ സമാധി കല്ലറ പൊളിക്കാനുള്ള ഒരുക്കങ്ങൾ പോലീസ് പൂർത്തിയാക്കി. കല്ലറയിൽ നിന്നും അരകിലോമീറ്റർ അകലെ തന്നെ റോഡ് അടച്ച് പുറത്തുനിന്നുള്ളവരുടെ വരവ് പോലീസ് തടഞ്ഞു. കല്ലറയിൽ നിന്നും 150 മീറ്റർ അകലെ മാധ്യമങ്ങളെയും. നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം. കല്ലറയും, സ്വാമിയുടെ വീടും, ക്ഷേത്രവും അടങ്ങുന്ന സ്ഥലം പൂർണ്ണമായും പോലീസ് നിയന്ത്രണത്തിൽ.  ഫോറൻസിക് സർജൻമാരും വിരലടയാള വിദഗ്ധരും കല്ലറ പൊളിക്കാനുള്ള തൊഴിലാളികൾ സ്ഥലത്ത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ആംബുലൻസും റെഡി. 7 മണിയോടെ സബ്കളക്ടർ ആൽഫ്രഡും എത്തിയത്തോടെ എല്ലാം സെറ്റ്. 7.15്ന് കല്ലറ ഇളക്കി തുടങ്ങി. പുറത്ത് സാക്ഷിയായി മാധ്യമങ്ങളും പ്രദേശവാസികളും മാത്രം.

സമയം 7:29 സ്വാമിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള ആദ്യ വിവരം. മൃതദേഹം ഇരുന്ന നിലയിൽ. കഴുത്തുവരെ പൂജ ദ്രവ്യങ്ങൾ. മുഖം കൃത്യമായി തിരിച്ചറിയാവുന്ന നിലയിലെന്നും ദൃസാക്ഷി.

8:13 മൃതദേഹം പൂർണമായി പുറത്തെടുത്തു. കഴുകി വൃത്തിയാക്കി ഇൻക്വസ്റ്റ് തുടങ്ങി. 8:45 ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക്.

അങ്ങനെ കഴിഞ്ഞ ഒരാഴ്ചയായി കേരളം ചർച്ച ചെയ്യുന്ന സമാധി വിവാദത്തിന്റെ ചുരുളഴിയുകയാണ്. വിവാദ സമാധി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തതോടെ അതിൻറെ ആദ്യഘട്ടം പിന്നിട്ടിരിക്കുന്നു. ഇനി നിയമം നിയമത്തിന്റെ വഴിക്ക്.

വിദഗ്ദ ഡോക്ടർമാരുടെ സംഘം 10 മണിയോടെ തുടങ്ങിയ പോസ്റ്റ് മോർട്ടം 12.30 പൂർത്തിയായി. മരണകാരണം അവ്യക്തം. മരണ കാരണം കണ്ടെത്തൽ മൂന്നു പരിശോധന ഫലങ്ങൾ നിർണായകമെന്ന്  ഡോക്ടർമാർ. സമാധി സ്ഥലത്ത് വച്ച് ശ്വാസ കോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോ എന്ന് സംശയം. ഇത്  ശ്വാസം മുട്ടുന്നതിനു ഇടയാക്കാം. ഇതിന്റെ ഫലമായി ഹൃദയഘാതം ഉണ്ടായോ എന്ന് കണ്ടെത്തണം. തലയിൽ കരുവാളിച്ച പാടുകൾ.  പരുക്കാണോ എന്ന് വിശദമായി പരിശോധിക്കും. വിഷാശം ഉണ്ടോ എന്ന് കണ്ടെത്താൻ അന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വരണമെന്നും ഡോക്ടർമാർ.

ചുരുക്കത്തിൽ ഗോപൻ സ്വാമിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കണം.

ENGLISH SUMMARY:

Neyyattinkara Gopan Swami samadhi: Body exhumed, shifted for autopsy