ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് നായാട്ട് വിളി. ആദ്യ നാല് ദിവസം പതിനെട്ടാംപടിക്കു മുന്നിലും അഞ്ചാംദിനം ശരം കുത്തിയിലുമാണ് നായാട്ടു വിളി. 

മണിമണ്ഡപത്തിൽ നിന്ന് അയ്യപ്പന്‍റെ വിളക്കെഴുന്നള്ളത്ത് പതിനെട്ടാംപടിക്ക് മുന്നിലെത്തിയാൽ പെരുനാട് പുന്നമൂട്ടിൽ കുടുംബത്തിലെ അംഗങ്ങൾ നായാട്ടുവിളി തുടങ്ങും. പതിനെട്ടാം പണിക്കു മുന്നിലെ നിലപാട് തറയിൽ തെക്കോട്ട് അഭിമുഖമായി വേട്ടക്കുറുപ്പന്മാർ . പതിനെട്ടാം പടിക്കു മുകളിൽ ധർമ്മശാസ്താവും പതിനെട്ടാം പടിക്ക് താഴെ ശാസ്താവിന് അഭിമുഖമായി പടിഞ്ഞാറ് നോക്കി ജീവൽ സമാധിയിൽ നിന്നുണർന്ന അയ്യപ്പനും . വടക്കോട്ട് നോക്കി അധികാരികൾ. ഇതാണ് നിലപാട് നിൽപ്പ്.

അയ്യപ്പന്‍റെ  ജനനം മുതൽ  വേട്ട നായ്ക്കൾക്കൊപ്പമുള്ള പുലി വേട്ടയും യോഗനിദ്രയും അരുളപ്പാടുകളും വരെയുള്ള 576 ഗദ്യ ശീലുകളാണ് നായാട്ടുവിളി. പേരാറ്റിൻ പെരുമണലിൽ വെള്ളാന കഴുത്തേറി തുടങ്ങി ശീലു നീളും. ശബരിമല ക്ഷേത്രം പണിക്കു വന്ന തമിഴ് വംശജർക്ക് പന്തളത്ത് രാജാവ് അനുവദിച്ചു കൊടുത്ത അവകാശമാണ് നായാട്ടു വിളി എന്നാണ് ഐതിഹ്യം

ഇന്നും പുന്നമൂട്ടിൽ കുടുംബത്തിലെ പുതിയ തലമുറ  മുറ തെറ്റാതെ നായാട്ട് വിളിക്കെത്തും. മകരവിളക്കു ഉത്സവത്തിന് പുറമേ കൊടിയേറിയുള്ള ഉത്സവത്തിനും നായാട്ട് വിളിക്ക് സംഘമെത്തും. പന്തളം വലിയ കോയിക്കൽ ക്ഷേത്രം, പെരുനാട്  കക്കാട് കോയിക്കൽ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും നായാട്ട് വിളിക്കുന്നത് ഇതേ സംഘമാണ്.

ENGLISH SUMMARY:

Nayattu Vili is a rare and significant ceremony held at Sabarimala as part of the Makaravilakku Festival